Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് അഞ്ചു പേര്‍ക്കും അജാനൂരില്‍ ഒരാള്‍ക്കും ഷിഗല്ല സ്ഥിരീകരിച്ചു


കാഞ്ഞങ്ങാട്: നീലേശ്വരത്ത് അഞ്ചു പേര്‍ക്കും അജാനൂരില്‍ ഒരാള്‍ക്കും ഷിഗല്ല സ്ഥിരീകരിച്ചു. അജാനൂരില്‍ രണ്ടു പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ ആള്‍ക്ക് രോഗമില്ല. ഒരാഴ്ച മുമ്പാണ് ലക്ഷണം കണ്ട് സാമ്പിള്‍ വിദഗ്ധ പരിശോധനക്കയച്ചത്. നീലേശ്വരത്ത് അഞ്ചു പേര്‍ക്ക് ആണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ചാത്തമത്ത് പ്രദേശത്ത് 27 കുട്ടികള്‍ ഉള്‍പ്പെടെ 74 പേര്‍ വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളിലാണ് അഞ്ചെണ്ണത്തില്‍ ഷിഗല്ല പോസിറ്റീവായത്. നിലവില്‍ ആറു പേരും ആരോഗ്യനില വീണ്ടെടുത്ത് വീടുകളില്‍ വിശ്രമത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭയില്‍ ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, ആശാപ്രവര്‍ത്തകര്‍ ശുചിത്വ ജീവനക്കാര്‍ എന്നവരുടെ അടിയന്തിര ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് രോഗവ്യാപനം തടയുന്നതിനു ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വാര്‍ഡുകളില്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. വയറിളക്കം, പനി, വയറുവേദന, രക്തം കലര്‍ന്ന മലവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സക്ക് ശ്രമിക്കാതെ ഉടന്‍ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകള്‍ നന്നായി കഴുകുക, ശുചിത്വമുള്ള ഭക്ഷണം മാത്രംകഴിക്കുക എന്നിവ രോഗപ്രതിരോധത്തിന് ഗുണകരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍ മറ്റ് ഭക്ഷ്യ ഉല്‍പ്പാദന വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായി പരിശോധന നടത്താനും തീരുമാനിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad