Type Here to Get Search Results !

Bottom Ad

കാസർകോട് യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; നാലംഗ അതിഥി തൊഴിലാളി സംഘത്തിനെതിരെ കേസ്


കാസർകോട് (www.evisionnews.in): കര്‍ണാടക ഹുബ്ലി സ്വദേശിയും വര്‍ഷങ്ങളായി മൊഗ്രാല്‍ കൊപ്പളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ചെയ്യുന്ന തേപ്പ് മേസ്ത്രിയായ അബ്ദുല്‍ ഗഫൂറാണ് (45) ഗുരുതരമായി പൊള്ളലേറ്റത്. ഇയാള്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മൊഗ്രാല്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപമാണ് സംഭവം നടന്നത്. പതിവുപോലെ താമസസ്ഥലത്ത് നിന്ന് ദേശീയപാതയിലേക്ക് നടന്ന് പോകുകയായിരുന്ന അബ്ദുല്‍ ഗഫൂറിനെ റെയില്‍വേ അടിപ്പാതയ്ക്ക് സമീപം കുറ്റിക്കാട്ടില്‍ പതിയിരുന്ന നാലംഗ അതിഥി തൊഴിലാളി സംഘം ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയ ശേഷം ഒരാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും മറ്റൊരാള്‍ തീകൊളുത്തുകയും ചെയ്തുവെന്നാണ് ഗഫൂറിന്റെ മൊഴി. തീ ആളിപ്പടര്‍ന്നതോടെ അക്രമിസംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അബ്ദുല്‍ ഗഫൂറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ച് ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് പ്രാഥമിക സൂചന. സീതാംഗോളിയിലെ ഒരു കെട്ടിടത്തിന്റെ തേപ്പ് ജോലിയുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിന് 3,000 രൂപ നല്‍കാനുണ്ടായിരുന്നുവെന്ന് ഗഫൂര്‍ പറഞ്ഞു. എന്നാല്‍, ജോലി ഏല്‍പ്പിച്ച എഞ്ചിനീയറില്‍ നിന്ന് 18,000 രൂപ ലഭിക്കാനുണ്ടെന്നും ആ തുക ലഭിച്ചാല്‍ തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് തലേദിവസം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അബ്ദുല്‍ ഗഫൂര്‍ ആരോപിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad