തിരുവനന്തപുരം: കന്നിപ്രസംഗത്തില്‍ കാസര്‍കോട് മണ്ഡലത്തിന്റെ ജനകീയ ആവശ്യങ്ങള്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. മണ്ഡലത്തിലെ അതിതീ വ്രമായ ആരോഗ്യ- യാത്രാ- വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് അടിയന്തിരമായി പരിഹരിണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് അടിയന്തിരമായി പൂര്‍ണ്ണതോതില്‍ യാഥാര്‍ഥ്യമാക്കണമെന്നും നഴ്‌സിംഗ് കോളജിന് ഹോസ്റ്റല്‍ കെട്ടിടം അനുവദിക്കണമെന്നും എയിംസ് കാസര്‍കോടിന് നല്‍കണമെന്നും ആവശ്യപ്പെട്ടു.
ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതവും കണക്കിലെടുത്ത് കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനായി ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയും യാത്രാ സൗകര്യവുമുള്ളത് കാസര്‍ കോടാണ് അദ്ദഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് സഹായത്തോടെ പണിതുവരുന്ന എട്ടുനില കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കണം.
ചെര്‍ക്കള- കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം പുനര്‍ നിര്‍മിക്കണം. വീതി കുറഞ്ഞ് അപകട ഭീഷണി യുയര്‍ത്തുന്ന ബെളിഞ്ച- നാട്ടക്കല്‍ റോഡ് വീതി കൂട്ടണം. തെരുവത്ത്- തളങ്കര റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കണം.
കാസര്‍കോട് ഗവണ്‍ മെന്റ് കോളേജില്‍ ഫോറന്‍സിക് സയന്‍സ്, എ.ഐ, ലോജി സ്റ്റിക്‌സ്, സ്‌പേസ് ആന്റ് പ്ലാനറ്ററി സയന്‍സ് തുടങ്ങിയ പുത്തന്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിക്കണം.
2024-2027 കാലയളവിലേക്ക് വൈദ്യുതി സ്‌പെഷ്യല്‍ പാക്കേജില്‍ അനുവദിച്ച 394.15 കോടി രൂപയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ കുരുക്കഴിക്കണം അല്ലെങ്കില്‍ കെ.എസ്.ഇ.ബി നേരിട്ട് പ്രവൃത്തികള്‍ നടത്തണം. ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് സമഗ്ര പദ്ധതി വേഗത്തിലാക്കണം. കാസര്‍കോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ടൗണ്‍ വികസനത്തിനുമായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കായി പാക്കേജ് പ്രഖ്യാപിക്കണം. അടക്കാ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുകയും കുഡ്‌ലു, ചെങ്കള വില്ലേജ് ഓഫീസുകള്‍ വിഭജിക്കുകയും വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സപ്തഭാഷകളുടെ സംഗമ ഭൂമിയും മഹാകവി പി. കുഞ്ഞിരാമന്‍ നായരും ടി. ഉബൈദും, കയ്യാര്‍ കിഞ്ഞണ്ണറൈയും സായിറാം ഗോപാലകൃഷ്ണ ഭട്ടും അടക്കമുള്ള പ്രഗത്ഭര്‍ ജീവിച്ച കാസര്‍കോടിന്റെ ശാപമോക്ഷത്തിനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ പ്രസംഗം ഉപസംഹരിച്ചത്.

Post a Comment
0 Comments