കാസര്‍കോട്: പള്ളപ്പാടിയിലെ ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബെള്ളൂര്‍ പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യയും കര്‍ണാടക പുത്തൂര്‍ സനങ്കളയിലെ പരേതനായ ബഡുവന്‍ കുഞ്ഞി- നഫീസ ദമ്പതികളുടെ മകളുമായ സെറീന (27)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പള്ളപ്പാടിയിലെ ഭര്‍തൃവീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സഹോദരനാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്താണ് മരണവിവരം അറിയിച്ചതെന്ന് സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
2022 മെയ് 29നാണ് സെറീനയും സൈനുദ്ദീനും വിവാഹിതരായത്. എന്നാല്‍ കുട്ടികളുണ്ടായില്ല. ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ കടുത്ത മാനസിക പീഡനമാണ് സഹോദരിക്ക് നേരിടേണ്ടി വന്നതെന്നും പലപ്പോഴും സെറീന പുത്തൂര്‍ സനങ്കളയിലെ പിതാവിന്റെ വീട്ടില്‍ എത്തിയിരുന്നതായും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് സഹോദരി വീണ്ടും ഭര്‍തൃവീട്ടിലേക്ക് പോയതെന്നും പിന്നീടും പീഡനം നേരിടേണ്ടി വന്നുവെന്നും സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭവിക മരണത്തിനു ആദൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സെറീനയുടെ മറ്റു സഹോദരങ്ങള്‍: ഫാത്തിയ, ഷെരീഫ്, മൈമൂന, ദാവൂദ്, സുബൈദ, സുമയ്യ.

Post a Comment
0 Comments