വാക്കുതർക്കത്തിനിടെ യുവാവിനെ വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം.
ഒരു കടയ്ക്ക് മുന്നിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ എതിരാളി തന്റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്റെ താക്കോൽ എടുത്ത് രാഹുലിന്റെ കഴുത്തിലും വാരിയെല്ലിലും അതിശക്തമായി കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി കാട്ടാക്കട പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Post a Comment
0 Comments