Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍


കുമ്പള: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കര്‍ണാടക സ്വദേശി കുമ്പള പൊലീസിന്റെ പിടിയിലായി. മംഗ്‌ളൂര്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദ് അഫ്രിദിയെയാണ് (28) കുമ്പള പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി സനീതും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ 18 ശനിയാഴ്ച പുലര്‍ച്ചെ 12.10 മണിയോടെ ഷിറിയ മുട്ടം ദേശീയപാത 66-ന്റെ സര്‍വീസ് റോഡില്‍ പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയം റോഡരികില്‍ കറുത്ത സ്‌കൂട്ടറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇരിക്കുകയായിരുന്ന അഫ്രിദി, പൊലീസ് വാഹനം കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഉടന്‍ തന്നെ പൊലീസ് പാര്‍ട്ടിയും സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പ്രതിയുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന ലതര്‍ പൗച്ചിനുള്ളില്‍ നിന്ന് കറുത്ത പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ 19.340 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിച്ചെടുത്ത ഈ മയക്കുമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും. വില്‍പ്പനയ്ക്കായാണ് താന്‍ ഇത് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എ 19 എച്ച് യു 7786 സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കല്‍ നിന്നും രണ്ട് ഐഫോണുകളും 400 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്‍ഡിപിഎസ് ആക്ട് സെക്ഷന്‍ 8(ര), 22(ര) പ്രകാരം പ്രതിക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിനാണ് കേസിന്റെ തുടര്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പിടിയിലായ പ്രതിക്ക് ഈ മയക്കുമരുന്ന് എത്തിച്ചു നല്‍കിയ സലീം എന്നയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad