Type Here to Get Search Results !

Bottom Ad

നഗരത്തിലെ കുരുക്കഴിക്കും, പുതിയ ബസ് സ്റ്റാന്റ്, മത്സ്യമാര്‍ക്കറ്റ് പുതുക്കും; സമഗ്ര വികസനം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ


കാസര്‍കോട്: നഗരത്തിന്റെ ദീര്‍ഘകാല സമഗ്ര വികസനവും പൊതുജന ക്ഷേമവും ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ ബജറ്റ്. 143,02,09,322 രൂപ ആകെ വരവും 126,65,79,300 രൂപ ചെലവും 16,36,30,022 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026-27 വര്‍ഷത്തെ ബജറ്റ് ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് അവതരിപ്പിച്ചു. കാസര്‍കോട്ടെ പ്രമുഖ കവി ടി. ഉബൈദ് സാഹിബിന്റെ വരികള്‍ ചൊല്ലിക്കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ശുചിത്വം, സാമൂഹ്യക്ഷേമം, വനിതാ ശാക്തീകരണം, ഉപജീവന പദ്ധതികള്‍ എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഓരോ വാര്‍ഡുകളിലേക്കും എട്ടു ലക്ഷം രൂപ വീതം ആകെ 3 കോടി 12 ലക്ഷം രൂപ നീക്കിവച്ചു.

കാസര്‍കോട് നഗരത്തിന്റെ ശാപമായി തീര്‍ന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നായക്സ് റോഡ്- എം.ജി റോഡ്- ഫോര്‍ട്ട് റോഡ്- മഡോണ സ്‌കൂള്‍ റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളുടെ നവീകരണത്തിനും ബജറ്റില്‍ തുക നീക്കിവെച്ചു. തെരുവു വിളക്ക് വൈദ്യുതി ചാര്‍ജ് ഒടുക്കല്‍, തെരുവ് വിളക്ക് വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കായി ആവശ്യമായ തുകയും നീക്കിവച്ചു. പുതിയ ബസ് സ്റ്റാന്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് ആധുനിക രീതിയില്‍ പുതുക്കി പണിയുന്നതിന് പ്രാരംഭഘട്ടത്തിന് 10 കോടി രൂപ നീക്കിവക്കും. മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. മത്സ്യമാര്‍ക്കറ്റ് നവീകരണത്തിനു പത്തു കോടി ചെലവഴിക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ആധുനിക രീതിയില്‍ നവീകരിക്കും. ഇതിനു സര്‍ക്കാറിന്റെയും എം.എല്‍.എയുടെയും എം.പിയുടെയും സഹായ സഹകരണത്തോടെ പ്രത്യേക ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഗതാഗതക്കുരുക്ക് കാരണം വീര്‍പ്പു മുട്ടുന്ന എം.ജി റോഡില്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ ജനറല്‍ ഹോസ്പിറ്റല്‍ വരെ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തും. കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡ് ഗതാഗത യോഗ്യമാക്കും.

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നഗരത്തിലുടെനീളം തെരുവു വിളക്കുകള്‍ സ്ഥാപിച്ചും പ്രകാശിപ്പിച്ചും വെളിച്ച വിപ്ലവം നടപ്പാക്കും. ഇതിനും തുക നീക്കിവച്ചിട്ടുണ്ട്. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ ദേശീയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടു കൂടി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കുന്നതിന് കേരള, കേന്ദ്ര സര്‍ക്കാറുകളുടെ സഹായത്തോടു കൂടി പദ്ധതി ആവിഷ്‌കരിക്കും. നവീകരണ പ്രവൃത്തികള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ഏഴു കോടി രൂപ ചെലവഴിക്കും. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ജിംനേഷ്യം സെന്റര്‍ ആരംഭിക്കും. നഗരസഭയുടെ അധീനതയിലുള്ള പാലികാ ഭവന്‍ പുനരുദ്ധാരണം നടത്തി അന്യ ജില്ലകളില്‍ നിന്നും ജോലികള്‍ക്കായെത്തുന്ന വനിതകളായ ഉദ്യോഗാര്‍ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന തീവണ്ടി യാത്രക്കാരുടെ ദുരിതം അകറ്റുന്നതിനുമായി എം.എല്‍.എയുടെയും പി.ഡബ്ല്യു.ഡി അധികൃതരുടെയും സഹായത്തോടെ എം.ജി റോഡ്- ഫോര്‍ട്ട് റോഡ് മുതല്‍ മഡോണ റോഡ് ഭാഗം വികസിപ്പിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് ലിങ്ക് റോഡാക്കി മാറ്റും. ഇതിനാവശ്യമായ തുക നീക്കിവച്ചിട്ടുണ്ട്. നഗരസഭക്ക് കീഴിലുള്ള പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന- ഭൗതീക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പഠന നിലവാരം ഉയര്‍ത്താനും നടപടി സ്വീകരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.

നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് സൗകര്യത്തിന്റെ അപര്യാപ്ത ഒരു പ്രശ്നമായി അനുഭവിക്കുന്നതിനാല്‍ മുനിസിപ്പല്‍ ഓഫീസിനടുത്ത് ഷീ ലോഡ്ജിന് സമീപം പാര്‍ക്കിംഗ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. നഗരത്തിലെ ഒറ്റത്തൂണ്‍ പാലത്തിന് കീഴിലുള്ള സ്ഥലം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെ നടപടി സ്വീകരിക്കും. പാര്‍ക്കിംഗ്, കിയോസ്‌ക്കുകള്‍, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗെയിം ഏരിയകള്‍ സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെയും നഗരസഭ സ്വന്തം നിലക്കും സ്ഥാപിക്കും. നഗരപരിധിയില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി എന്ന ലക്ഷ്യം നടപ്പിലാക്കും.

തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയില്‍ വിദ്യാനഗര്‍- ഉളിയത്തടുക്ക റോഡില്‍ മാനവീയം വീഥി നിമിക്കും. വഴിയാത്രക്കാര്‍ക്ക് ഫെന്‍സിംഗ്, കാസര്‍കോടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പൈതൃകങ്ങളും വിളിച്ചോതുന്ന ചിത്രങ്ങള്‍, ഓപ്പണ്‍ ലൈബ്രറി എന്നിവ ഉള്‍പ്പെടുത്തും. നഗരത്തിലെ പ്രധാന റോഡായ നായക്സ് റോഡ് വീതി കൂട്ടി പുനരുദ്ധാരണം നടത്തും. കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് കാസര്‍കോട്ടെ സാംസ്‌കാരിക- സന്നദ്ധ സംഘടനകളുടെ പിന്തുണ ഉറപ്പുവരുത്തും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥിരമായ ബിസിനസ് ഫെയര്‍ സംഘടിപ്പിക്കും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വനിതകള്‍ക്ക് 'വനിതാ ശക്തി അവാര്‍ഡ്' നല്‍കും. മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. നഗരസഭയുടെ കീഴില്‍ പൊതുജനങ്ങള്‍ക്കായി മ്യൂസിയവും ആര്‍ട്ട് ഗാലറിയും നിര്‍മിക്കും.

പുതിയ ബസ് സ്റ്റാന്റില്‍ കാസര്‍കോട് പ്രസ് ക്ലബിലേക്കുള്ള റോഡിന് പ്രമുഖ പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായിരുന്ന കെ.എം അഹമ്മദിന്റെ പേര് നല്‍കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും കാസര്‍കോട് ഗവ. കോളജിലെ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ വീട് സ്ഥിതി ചെയ്തിരുന്ന അണങ്കൂര്‍ ക്രോസ് റോഡിന് 'പ്രൊഫ. പി.കെ ശേഷാദ്രി റോഡ്' എന്ന് നാമകരണം ചെയ്യും. ഏറ്റവും കൂടുതല്‍ വാഹനങ്ങളും കാല്‍നട യാത്രക്കാരും ആശ്രയിക്കുന്ന മാര്‍ക്കറ്റ് റോഡ്- കരിപ്പൊരി റോഡ്-ഫോര്‍ട്ട് റോഡ് വീതി കൂട്ടി നവീകരിക്കാന്‍ നടപടി സ്വീകരിക്കും. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റ് ക്രോസ് റോഡ് വാക്കിംഗ് സ്ട്രീറ്റായി മാറ്റും. തളങ്കര പടിഞ്ഞാര്‍ പാര്‍ക്ക് ടൂറിസം സ്പോട്ടാക്കി മാറ്റും. അവിടെ അമിനിറ്റി സെന്റര്‍, കിയോസ്‌ക്കുകള്‍, അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ബോട്ട് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.

മുനിസിപ്പല്‍ ബീച്ച് പാര്‍ക്ക്, സീ വ്യൂ പാര്‍ക്ക്, തളങ്കര പടിഞ്ഞാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, തെരുവത്ത് പുഴക്കര പാര്‍ക്ക് എന്നിവ നവീകരിക്കും. പുഴക്കര പാര്‍ക്കിന്റെ പരിപാലനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം തേടും. ഡി.ടി.പി.സിയുടെ സഹായത്തോടെ തുരുത്തി, നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് മുന്‍വശം തുടങ്ങിയ നാല് സ്ഥലങ്ങളില്‍ വിനോദ സഞ്ചാര ഹബുകള്‍ സ്ഥാപിക്കും. മഡോണ സ്‌കൂളിന് സമീപം കാടുപിടിച്ച് ഉപയോഗ ശൂന്യമായി കിടക്കുന്ന പാര്‍ക്ക് നവീകരിച്ച് വയോജനങ്ങളുടെ വിനോദത്തിന് വേണ്ടി വയോജന പാര്‍ക്ക് നിര്‍മിക്കും. കളി സ്ഥലങ്ങളെ വികസിപ്പിച്ച് കായിക പരിപാടികള്‍ക്ക് പോത്സാഹനം നല്‍ക്കും. അംഗീകൃത ക്ലബുകള്‍ക്ക് സ്‌പോര്‍ട്സ് കിറ്റുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. ചെന്നിക്കരയിലെ കബഡി കോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കും. ബഡ്സ് സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കും. നഗരത്തില്‍ നിന്നും മുനിസിപ്പല്‍ കാര്യാലയത്തിലേക്ക് കടന്നുവരുന്ന റോഡില്‍ പ്രവേശന കവാടം സ്ഥാപിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad