കുറഞ്ഞ വിലയിൽ ജർമൻ കരുത്തും സുരക്ഷയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വാഹനപ്രേമികൾക്കുള്ള ഒരു വാർത്തയുമായാണ് ഫോക്‌സ്‌വാഗൺ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രീതിയുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2027 പകുതിയോടെ ഈ പുത്തൻ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ചെക്ക് റിപബ്ലിക്കൻ ബ്രാൻഡ് സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ ‘കൈലാക്’ കോംപാക്ട് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഫോക്സ്വാഗൺ കാറും നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്.
സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവ പ്ലാറ്റ്ഫോമുകളും എഞ്ചിനുകളും പങ്കിടുന്ന രീതി ഇതിന് മുമ്പ് കുഷാഖ്, ടൈഗൂൺ എസ്‌യുവി മോഡലുകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതേ മാതൃകയിൽ തന്നെയായിരിക്കും ഈ പുതിയ ബജറ്റ് എസ്‌യുവിയും വിപണിയിലെത്തുക. നിലവിൽ സ്‌കോഡ കൈലാക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.59 ലക്ഷം രൂപയാണ്. ഏകദേശം ഇതേ വിലനിലവാരത്തിൽ തന്നെയായിരിക്കും ഫോക്‌സ്‌വാഗണും പുതിയ എസ്‌യുവി അവതരിപ്പിക്കുക. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി ഇത് മാറും.

Post a Comment
0 Comments