കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ പുലര്‍ച്ചെ വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പിടികിട്ടാപ്പുള്ളികളും സാമൂഹിക വിരുദ്ധരും വലയിലായി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വിവിധ കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 182 പേരെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് 1529 പേര്‍ക്കെതിരെ നടപടിയെടുത്തു. തിരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയാന്‍ വാഹന പരിശോധന ഇനിയും കര്‍ശനമാക്കും. ജില്ലയിലെ റൗഡി, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിലും ഉള്‍പ്പെട്ട 212 പേരെ പരിശോധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുള്‍പ്പെടെ ആകെ 23 പുതിയ കേസുകളാണ് ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 61 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. താമസക്കാരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments