Type Here to Get Search Results !

Bottom Ad

സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് നാളെ കുണിയയില്‍ തുടക്കം


കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ആധികാരിക മുസ്‌ലിം പണ്ഡിത സഭയായ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 1926ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് നാളെ മുതല്‍ എട്ടുവരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുക. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകകളുമായി നാളെ ഉച്ചയ്്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും.

വൈകുന്നേരം 4.30ന്് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ്റോ ഇസ്‌ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും. സമസ്ത ശതാബ്ദിയോടനുബന്ധിച്ച്് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുള്ള മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ് വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും.

വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ് രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.

എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് ങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad