കാസര്‍കോട്: ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ പരിധിയില്‍ കാസര്‍കോട് നഗരസഭയെകൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു. ബി.ആര്‍.ഡി.സി. യാഥാര്‍ഥ്യമായതിന് ശേഷം ടൂറിസം മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ ജില്ലക്ക് പകര്‍ന്ന അഭിമാനം ചെറുതല്ല. രാജ്യത്തെ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ബേക്കലിനെ വളര്‍ത്തികൊണ്ടുവരുന്നതില്‍ ബി.ആര്‍.ഡി.സി. വഹിച്ച പങ്ക് പ്രശംസനീയമാണ്. ബി.ആര്‍.ഡി.സിയുടെ പരിധിയില്‍ നാല് പഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയുമാണ് നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കാസര്‍കോട് നഗരസഭയെ കൂടി ഉള്‍പ്പെടുത്തിയാല്‍ ടൂറിസം മേഖലയിലുണ്ടായേക്കാവുന്ന വളര്‍ച്ച പ്രവചനാതീതമാണെന്നും കാസര്‍കോടിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും പ്രമേയത്തില്‍ കെ.എം ഹനീഫ് ചൂണ്ടിക്കാട്ടി. നഗരസഭയെ കൂടി ഉള്‍പ്പെടുത്തിയാല്‍ വന്ദേഭാരതിന് കാസര്‍കോട്ട് സ്റ്റോപ്പ്, മംഗളൂരുവില്‍ വിമാനമിറങ്ങി വരുന്നവര്‍ക്കുള്ള യാത്രാ സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍ പിന്താങ്ങി.
കാസര്‍കോട്- ചെങ്കള ഭാഗത്തേക്ക് കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ പ്രവേശിക്കാനായി നുള്ളിപ്പാടിയില്‍ പ്രവേശന വഴിയൊരുക്കണമെന്ന് നഗരസഭ യോഗത്തില്‍ ചെന്നിക്കര വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ ചെന്നിക്കര അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. നഗരത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മൂന്നു കിലോമീറ്റര്‍ അകലെ കലക്ട്രേറ്റിന് സമീപമുള്ള ബി.സി. റോഡ് ജംഗ്ഷന്‍ കഴിഞ്ഞുള്ള പ്രവേശന വഴി മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇതുമൂലം കാസര്‍കോട് നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. നുള്ളിപ്പാടിയില്‍ സര്‍വീസ് റോഡും ദേശീയ പാതയും സമനിരപ്പില്‍ കടന്നുപോകുന്ന ഇടമായതിനാല്‍ ഇവിടെ പ്രവേശന വഴി തുറന്നു ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. സക്കീന മൊയ്തീന്‍ പിന്താങ്ങി. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments