കാസര്‍കോട്: കുമ്പഡാജെ മൗവ്വാര്‍ അജിലയിലെ വീട്ടമ്മ പുഷ്പലത വി. ഷെട്ടി (70)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളിയും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ പരമേശ്വര എന്ന രമേശ് നായിക് (46) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 9.40ഓടെയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന പുഷ്പലത വി. ഷെട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് അസ്വാഭാവികത തോന്നിയിരുന്നു. ബന്ധുക്കള്‍ കൂടി ശക്തമായ സംശയം ഉന്നയിച്ചതോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ചും വായയും മൂക്കും പൊത്തിപ്പിടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി.
പുഷ്പലതയുടെ കഴുത്തിലുണ്ടായിരുന്ന നാലുപവന്‍ തൂക്കമുള്ള കരിമണി മാല കൈക്കലാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം പ്രതി സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണം ഒളിപ്പിച്ചുവെച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.
ബദിയടുക്ക സി.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രദേശത്ത് കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്തിരുന്ന രമേശിനെക്കുറിച്ച് നാട്ടുകാര്‍ നല്‍കിയ ചില നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment
0 Comments