Type Here to Get Search Results !

Bottom Ad

അവഗണനയുടെ പ്രതീകമായി കാസര്‍കോട് മെഡിക്കല്‍ കോളജ്; 29 മുതല്‍ 31വരെ മുസ്ലിം യൂത്ത് ലീഗ് സമരയാത്ര നടത്തും


കാസര്‍കോട്: സര്‍ക്കാര്‍ അവഗണനയുടെ പ്രതീകമായി മാറിയ കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മെഡിക്കല്‍ കോളജില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലേക്ക് സമരയാത്ര സംഘടിപ്പിക്കും. 2012ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കിലിട്ട കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതു ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്.

മെഡിക്കല്‍ കോളജിന് വേണ്ടി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥയെ തുടര്‍ന്ന് കാടുമൂടി കിടക്കുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാതിരുന്നതാണ് മെഡിക്കല്‍ കോളജ് ഇന്നും ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത അവസ്ഥയില്‍ തുടരാന്‍ കാരണം. മെഡിക്കല്‍ കോളജിന് അനിവാര്യമായ ഡോക്ടര്‍മാരെ ഇതുവരെ പൂര്‍ണമായി നിയമിച്ചിട്ടില്ല. കൂടാതെ, ഒരു മെഡിക്കല്‍ കോളജിന് വേണ്ട കിടത്തി ചികിത്സാ സൗകര്യങ്ങള്‍ നിലവിലില്ല. നിലവില്‍ ഇവിടെ നടക്കുന്ന സേവനങ്ങള്‍ ഒരു മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലാതെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തലത്തിലേക്ക് മാത്രമാണ് പരിമിതപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍ തുടരുന്ന ഇടതുപക്ഷ സര്‍ക്കാര്‍, കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ യാതൊരു ഫലപ്രദമായ മുന്‍കൈയും എടുത്തിട്ടില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. വടക്കന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കേണ്ടിയിരുന്ന മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അവഗണനയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ നിന്ന് കാല്‍നടയായി ആയിരങ്ങള്‍ അണിനിരന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. ജില്ലയ്ക്ക് അര്‍ഹമായ ആരോഗ്യ സൗകര്യങ്ങള്‍ ഉടന്‍ ഉറപ്പാക്കണമെന്നും മെഡിക്കല്‍ കോളജ് പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരയാത്ര സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad