പടന്ന: പടന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിനെ ചൊല്ലിയുള്ള കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. നീലിമയുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കാനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലീഗിലെ പി. ആയിഷയെ പരിഗണിക്കാനുമാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. രണ്ടാം വാര്‍ഡ് വിട്ടു നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം അവഗണിച്ച് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു എന്നാരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. ഓരോ ഘട്ടത്തിലും നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും തര്‍ക്കം തുടര്‍ന്ന് പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും രണ്ടു സ്ഥാനാര്‍ഥികളുമായി മുന്നോട്ടുപോയി. യുഡിഎഫ് സംവിധാനത്തിന് കോട്ടംവരാതിരിക്കാന്‍ ജില്ലാ മണ്ഡലം യു.ഡി.എഫ് നേതൃത്വം നിരന്തരം ഇടപെട്ടിരുന്നു.
1995 മുതല്‍ വിവിധ ഘട്ടങ്ങളില്‍ പഞ്ചായത്ത് ബ്ലോക്ക് തലത്തില്‍ സീറ്റ് ലഭിച്ചിരുന്ന കോണ്‍ഗ്രസിന് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ സ്ഥിരമായി പടന്ന വില്ലേജില്‍ ജയസാധ്യതയുള്ള ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കാനും പടന്ന സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഒരു ഡയറക്ടര്‍ സ്ഥാനം കൂടി നല്‍കാനും തീരുമാനമായി. യുഡിഎഫ് നേതാക്കള്‍ പടന്ന വടക്കേപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഒടുവില്‍ ധാരണയായത്.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്്ലം, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കെ.പി പ്രകാശന്‍, മാമുനി സുരേഷ്, പി.പി അബ്ദുല്‍ നാസര്‍, ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ടി.കെ.സി മുഹമ്മദലി ഹാജി, ടി.പി മുത്തലിബ്, യു.സി മുഹമ്മദ് കുഞ്ഞി, കെ. കുഞ്ഞബ്ദുള്ള, എ.എം ഷരീഫ് ഹാജി, കെ.പി ബഷീര്‍ പങ്കെടുത്തു. രണ്ടാം വാര്‍ഡില്‍ നടന്ന യോഗത്തില്‍ കെ. സജീവന്‍, യു.കെ മുശ്താഖ് എന്നിവരും പങ്കെടുത്തു.

Post a Comment
0 Comments