കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം മുസ്ലിം ലീഗിന് സമ്മാനിച്ച വോട്ടര്‍മാരെ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം അഭിനന്ദിച്ചു. മുസ്ലിം ലീഗിന് ഒമ്പത് ഗ്രാമപഞ്ചായത്തുകളിലുണ്ടായിരുന്ന ഭരണം ഇരട്ടിയോളം വര്‍ധിപ്പിക്കാനും മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നിലവിലുള്ളതിനേക്കാള്‍ ഗണ്യമായ പ്രാതിനിധ്യമുണ്ടാക്കാനും കഴിഞ്ഞു.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുസ്ലിം ലീഗിന് 200 ജനപ്രതിനിധികളുണ്ടായിരുന്നത് 263 അംഗങ്ങളായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഭരണത്തിന്റെ ഹുങ്കില്‍ വാര്‍ഡുകള്‍ വെട്ടി മുറിച്ചും വ്യാപകമായി കള്ള വോട്ടുകള്‍ ചെയ്തും ജനാധിപത്യത്തെ അട്ടിമറിച്ചാണ് ഇടതുപക്ഷം നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജില്ലാ പഞ്ചായത്ത് നിലനിര്‍ത്തിയത്. കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജന വികാരത്തോടൊപ്പം ജില്ലാ പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ 40,000 ഭൂരിപക്ഷം നേടിയിട്ടുണ്ട്.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കളക്ക് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഷാള്‍ അണിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി സംബന്ധിച്ചു.

Post a Comment
0 Comments