കാസര്‍കോട്: തലപ്പാടി- ചെര്‍ക്കള ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ഹൈക്കോടതി വിധി വരുന്നതു വരെ ടോള്‍ പിരിക്കില്ല. കുമ്പളയില്‍ ടോള്‍ പ്ലാസ അനുവദിച്ചതിനെതിരെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 14ന് അന്തിമവിധി വരുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവച്ചതായി ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് അറിയിച്ചു.
കനത്ത ജനകീയ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ ദേശീയ പാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നവംബര്‍ 12 മുതല്‍ ടോള്‍ പിരിക്കുമെന്ന് അറിയിച്ച് രണ്ടു പത്രങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ പത്രപരസ്യം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ യോഗം ചേരുകയും ടോള്‍ പിരിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നുള്ള തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള മറുപടി നല്‍കിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. അറിയിപ്പിന് വിരുദ്ധമായി ടോള്‍ പിരിവ് ആരംഭിക്കുകയാണെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Post a Comment
0 Comments