Type Here to Get Search Results !

Bottom Ad

സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്നതിനിടെ മരിച്ച മുബഷീറിന്റെ മരണം ഹൃദയാഘാതമല്ല; ദേഹത്ത് രക്തം കട്ടപിടിച്ച പാടുകള്‍


കാസര്‍കോട്: സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ ദേളിയിലെ സി.എച്ച് മുബഷീറിന്റെ (30) മരണകാരണം ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ നിരവധി ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചതിന്റെ പാടുകള്‍ മെഡിക്കല്‍ സംഘത്തിന് കണ്ടെത്തി. ഇതോടെ അസാധാരണ പാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ശരീരത്തിലെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

അതേസമയം, മര്‍ദ്ദനമേറ്റ പാടുകളൊന്നും മുബഷീറിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന നിലപാട് പൊലീസ് ആവര്‍ത്തിച്ചു. പോസ്റ്റുമോര്‍ട്ടം സംഘവും ഇതുവരെ കണ്ടെത്തിയ പാടുകള്‍ ബാഹ്യ മര്‍ദ്ദനത്തിന്റെ ഫലമല്ലെന്ന് പ്രാഥമിക വിലയിരുത്തലില്‍ സൂചിപ്പിക്കുന്നുവെന്നാണ് വിവരം.

ശരീരത്തില്‍ ഗുളികകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. അവ എന്തുതരം മരുന്നുകളാണെന്നും ഇതിന് മരണവുമായി ബന്ധമുണ്ടോ എന്നതും ഫോറന്‍സിക് പരിശോധനയിലാണ് വ്യക്തമാകുക. വിശദമായ രാസപരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ മുബഷീറിന്റെ മരണകാരണം സംബന്ധിച്ച അന്തിമ നിഗമനത്തില്‍ എത്താനാകൂ.

ബുധനാഴ്ച രാവിലെ 5.30 മണിയോടെയാണ് മുബഷിറിനെ അവശനിലയില്‍ സബ് ജയിലില്‍ കാണപ്പെട്ടത്. ജയില്‍ അധികൃതര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2016ല്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മുബഷിര്‍ പ്രതിയായിരുന്നു. ഗള്‍ഫിലായിരുന്ന മുബഷിര്‍ രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിലെത്തിയത്. മൂന്നാഴ്ച മുമ്പ് വാറണ്ട് പ്രകാരമാണ് മുബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സബ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad