ഉപ്പള: ലൈസന്‍സില്ലാതെ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്നത് പത്തോളം റെസ്‌റ്റോറന്റുകള്‍. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ കൂണുപോലെ പൊന്തുമ്പോഴും പഞ്ചായത്ത് നടപടിയെടുക്കുന്നില്ല. ഇത്തരം റെസ്റ്റോറന്റുകളില്‍ പഴകിയ ഭക്ഷണം വിളമ്പുന്നതായാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളോളം പഴകിയ ചിക്കന്‍ ആണ് നല്‍കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ഇവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ചിലര്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതായും ആക്ഷേപമുണ്ട്.
പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇതുവരെ നടപടി എടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പത്തോളം റെസ്റ്റോറന്റ്കള്‍ ലൈസന്‍സ് ഇല്ലാതെ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. ഉപ്പളയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഷാവായി ക്ലബ് റെസ്റ്റോറന്റിനെതിരെ നാട്ടുകാര്‍ നേരത്തേ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും അധികാരികള്‍ വെറും പിഴ ചുമത്തി ഒത്തുതീര്‍ത്തതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
റെസ്റ്റോറന്റിനെതിരെ മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറിക്കും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിനും പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും നിവേദന നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഇടപെട്ട് പിഴ ചുമത്തുകയും റെസ്റ്റോറന്റ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായി വിവരം.
റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ നടപടി വൈകിപ്പിക്കുകയാണെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ നിന്ന് സൗജന്യ ഭക്ഷണവും മാസപ്പടിയും വാങ്ങുന്നുവെന്നും അതിനാലാണ് നടപടി വൈകുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കൈക്കൂലി വാങ്ങിയതായി സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഇതിനകം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Post a Comment
0 Comments