Type Here to Get Search Results !

Bottom Ad

ആരിക്കാടിയില്‍ ടോള്‍ ഗേറ്റ്; അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ കര്‍മസമിതി


കുമ്പള: ദേശീയ പാത 66ല്‍ കുമ്പള ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി കര്‍മസമിതി. നിര്‍മാണത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് നീളുന്ന സാഹചര്യത്തിലാണ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍മ സമിതി യോഗം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി പരിഗണനയ്ക്ക് വരുമെന്നും അനുകൂല വിധി ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കര്‍മ സമിതി. ഈമാസം 9ന് ഹരജി പരിഗണിച്ച കോടതി നിലവിലെ സ്ഥിതി അറിയിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയിലേക്ക് മാറ്റുകയും പിന്നീട് ഹരജിയില്‍ വാദം കേള്‍ക്കാന്‍ 23ലേക്ക് മാറ്റുകയുമായിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് നീളുംതോറും ടോള്‍ഗേറ്റ് നിര്‍മിക്കാനുള്ള സമയം നിര്‍മാണകമ്പനിക്ക് അധികം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹര്‍ജിയില്‍ അന്തിമവിധി വരുന്നതു വരെ നിര്‍മാണ പ്രവൃത്തി നടത്തില്ലെന്നായിരുന്നു നിര്‍മാണ കമ്പനി ആദ്യം അറിയിച്ചത്.

കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ ടോള്‍ഗേറ്റിന്റെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയപാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിലവില്‍ കര്‍ണാടക പരിധിയില്‍ ടോള്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് 60 കി.മീ മാറി പെരിയ ചാലിങ്കാലില്‍ ടോള്‍ ഗേറ്റ് നിര്‍മിച്ചുവരികയാണ്. ഇതുകൂടാതെയാണ് ഇവയ്ക്കിടയില്‍ ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കുന്നത്.

ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നിരവധി പ്രതിഷേധ പരിപാടികള്‍ ഇതിനകം നടന്നിരുന്നു. ഏറ്റവുമൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് താലൂക്കിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, യുവജനസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്ഥലം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നിരുന്നു. കമ്പനി നിര്‍മാണം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ അണിനിരത്തി സമരം ശക്തമാക്കാനാണ് കര്‍മസമിതി തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad