Type Here to Get Search Results !

Bottom Ad

മഞ്ഞപ്പിത്തവും മലേറിയയും; ജില്ലയിലെ ആശുപത്രികള്‍ പനിക്കിടക്കയില്‍


കാസര്‍കോട്: മഞ്ഞപ്പിത്തവും മലേറിയയും അടക്കമുള്ള മഴക്കാല രോഗങ്ങളും പനിയും ഛര്‍ദ്ദിയും വയറിളക്കവും കൂടിയതോടെ സര്‍ക്കാര്‍ ആശുപത്രികളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമടക്കം നിരവധി പേരാണ് ചികിത്സയ്‌ക്കെത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ മൂവ്വായിരത്തിലധികം പേര്‍ പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയില്‍ എത്തി. ദിവസവും ഒപികളില്‍ എത്തുന്ന 70ശതമാനം പനിബാധിതരാണെന്ന് കണക്കുകള്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആശുത്രിയില്‍ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആശുപത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഐ.സി.യുവിലടക്കം കിടക്കകളില്ലാത്ത സാഹചര്യമാണ്. വാര്‍ഡുകളും ഐ.സി.യുവും നിറഞ്ഞതുകാരണം പലരെയും മടക്കി അയക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയോളമായി നിരവധി പേരെയാണ് ഇവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്കുമടക്കം മടക്കി വിട്ടത്. വിവിധ ഡോക്ടര്‍മാരുടെ ഒ.പികളിലും ജനറല്‍, പനി ഒ.പികളിലും അത്യാഹിത വിഭാഗത്തിലും നീണ്ട നിരയാണ് ദിവസവും. കാഷ്വാലിറ്റിക്ക് മുന്നിലും മണിക്കൂറുകളോളം രോഗികള്‍ക്ക് കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിവിധ അപകടങ്ങളില്‍ പരിക്കേറ്റവരെ കൊണ്ടും ആശുപത്രി നിറയുകയാണ്. പേവിഷബാധയേറ്റവര്‍ക്ക് പോലും ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നു.

കൂടുതല്‍ ഡോക്ടര്‍മാരെയും ജിവനക്കാരെയും നിയമിക്കാത്തത് മൂലം ഉള്ള ജീവനക്കാര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കുട്ടികളിലാണ് പനി കൂടുതലായി പടരുന്നത്. മഴയും പുരയിടങ്ങള്‍ കാടുകയറി കൊതുക് പെരുകുന്നതും രോഗം പടരാന്‍ ഇടയാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജനം സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറെ കണ്ട് പ്രിസ്‌ക്രിപ്ഷന്‍ വാങ്ങുന്നത്. അതേസമയം, ജനറല്‍ ആശുപത്രിയില്‍ എല്ലുരോഗമടക്കം വിവിധ സ്‌പെഷ്യലൈസ് ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ലഭിക്കാത്തതും രോഗികള്‍ക്ക് പ്രയാസമുണ്ടാകുന്നു. അതിഥി തൊഴിലാളികളിലാണ് ഏറെയും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad