മുംബൈ: സ്‌കൂള്‍ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയെന്ന പരാതിയില്‍ നടപടി. വനിതാ പ്രിന്‍സിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രണ്ടു ട്രസ്റ്റിമാര്‍ക്കും രണ്ടു അധ്യാപകര്‍ക്കുമെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. താനെ ജില്ലയിലെ ഷഹാപുരിലുള്ള ആര്‍.എസ്.ദമാനിയ സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയില്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
വിദ്യാര്‍ഥിനികളുടെ പരാതി പ്രകാരം, സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിന് പിന്നാലെ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളെ പ്രിന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഹാളിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ പ്രൊജക്ടറില്‍ കാണിച്ച ശേഷം കാരണക്കാരി ആരാണെന്ന് ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവില്‍ ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്നായി ചോദ്യം. ഇതിനുശേഷം, പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു.

Post a Comment
0 Comments