കാസര്‍കോട്- മംഗളൂരു റൂട്ടിലോടുന്ന കേരള കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും സര്‍വീസ് റോഡ് ഒഴിവാക്കി ഓടുന്നതിലും സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ജൂണ്‍ മൂന്നിന് രാവിലെ 6.35ന് കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ മൊഗ്രാല്‍ സര്‍വീസ് റോഡില്‍ കയറാതെ, മൊഗ്രാല്‍ ടൗണിലും പെറുവാടിലും ബസ് കാത്തുനിന്നിരുന്ന നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ ഒഴിവാക്കി ദേശീയപാതയിലൂടെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട മൊഗ്രാലിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ താജുദ്ദീന്‍ മൊഗ്രാല്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിന്മേലാണ് ഡ്രൈവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രസ്തുത ദിവസം രണ്ട് കെഎസ്ആര്‍ടിസി ബസുകളും സമയക്രമം പാലിക്കാതെ ഒരുമിച്ചാണ് വന്നതെന്നും, മത്സരിച്ച് ഓടിയ ബസുകള്‍ സര്‍വീസ് റോഡ് ഒഴിവാക്കി ഓടുകയായിരുന്നുവെന്നുമാണ് താജുദ്ദീന്‍ മൊഗ്രാല്‍ പരാതിയില്‍ സൂചിപ്പിച്ചത്. ബസിന്റെ നമ്പര്‍ ഉള്‍പ്പെടെ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിരന്തരമായി മൊഗ്രാല്‍ സര്‍വീസ് റോഡില്‍ നിര്‍ത്താതെ പോകുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബസ് ഡ്രൈവര്‍ക്കെതിരെയാണ് ഗതാഗത വകുപ്പ് ചെയര്‍മാന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Post a Comment
0 Comments