Type Here to Get Search Results !

Bottom Ad

തോരാതെ മഴ; പുഴകള്‍ കരകവിഞ്ഞു, ജില്ലയില്‍ പലേടത്തും വെള്ളക്കെട്ട് ഭീഷണി



കാസര്‍കോട്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ജില്ലയില്‍ മഴ കനത്തുപെയ്തു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. ചന്ദ്രഗിരി, മൊഗ്രാല്‍, ഉപ്പള, നീലേശ്വരം, കാര്യങ്കോട് പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ സമീപ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനാല്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കല്ലൂരാവിയിലെ കെ സുധാകരന്‍, സുനിത, പി.സി അബ്ദുറഹ്മാന്‍, കെ.കെ മുനീറ തുടങ്ങിയവരുടെ വീടുകളിലും നോര്‍ത്ത് കല്ലൂരാവിയിലെ എം ഷുഹൈബിന്റെ വീട്ടിലും വെള്ളം കയറി. വിവാഹവീട്ടില്‍ വെള്ളം കയറിയതോടെ ചടങ്ങ് ഓഡിറ്റോറിയത്തിലേക്ക് മാറ്റേണ്ടിവന്നു. 

കല്ലൂരാവി നോര്‍ത്തിലെ യുവതിയുടെ വിവാഹ ചടങ്ങാണ് മാണിക്കോത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. മാവുങ്കാല്‍, പുല്ലൂര്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുല്ലൂരിലെ അടിപ്പാത നിറയെ വെള്ളമാണ്. ദേശീയപാത നിര്‍മ്മാണകരാര്‍ കമ്പനി സര്‍വീസ് റോഡ് നിര്‍മ്മാണം നടത്തിയെങ്കിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടില്ല. ഇതുകാരണം അടിപ്പാതയിലൂടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പോകാന്‍ കഴിയുന്നില്ല. അടിപ്പാതയിലെ വെള്ളം കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ദുരിതത്തിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad