Type Here to Get Search Results !

Bottom Ad

മദ്യപിച്ചെത്തി സ്റ്റേഷനില്‍ തെറിയഭിഷേകം; പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഡ്രൈവര്‍ അറസ്റ്റില്‍


നീലേശ്വരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതിയുണ്ടെന്ന് അറിയിച്ചതിന് പിന്നാലെ, എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസുകാരെ തെറിയഭിഷേകം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ലോറി ഡ്രൈവറെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എസ്‌ഐ അരുണ്‍ മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെ വി സന്തോഷ് (40) എന്ന ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.30 മണിയോടെ സന്തോഷ് തന്റെ ലോറിയുടെ നമ്പര്‍ പ്ലേറ്റ് ആരോ ഊരിക്കൊണ്ടുപോയെന്ന് പരാതി പറയാനാണ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസ്സിലായതോടെ, സന്ദര്‍ശക മുറിയിലെ പിആര്‍ഒ എഎസ്‌ഐ പ്രകാശന്‍ ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ടതോടെ സന്തോഷ് തര്‍ക്കിക്കുകയും ഇപ്പോള്‍ തന്നെ കേസെടുക്കണമെന്ന് വാശിപിടിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മദ്യലഹരിയിലായിരുന്ന സന്തോഷ് അസഭ്യവര്‍ഷം ചൊരിയുകയും പിആര്‍ഒയുടെ മുറിയിലെ കസേരയും മറ്റ് സാധനങ്ങളും വലിച്ചെറിയുകയും ചെയ്തത്.

ശബ്ദം കേട്ട് ഓടിയെത്തിയ എസ്‌ഐ അരുണ്‍ മോഹന്റെ കോളറില്‍ പിടിക്കുകയും യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും അടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ നിധീഷിനെയും പ്രതി മര്‍ദ്ദിച്ചു. എസ്‌ഐ അരുണ്‍ മോഹന്റെ കഴുത്തിനും സിവില്‍ പോലീസ് ഓഫീസര്‍ നിധീഷിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ബലം പ്രയോഗിച്ചാണ് ഡ്രൈവറെ കീഴടക്കിയത്. പരിക്കേറ്റ എസ്‌ഐയും പോലീസുകാരനും നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നീലേശ്വരം എസ്‌ഐ കെ വി രതീശന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad