കാസര്‍കോട്: ബേഡഡുക്ക, കൊളത്തൂര്‍ നിടുവോട്ട് രണ്ടു പുലികളെ കൂടുവച്ച് പിടികൂടിയെങ്കിലും ഭീതി ഒഴിയാതെ നാട്. ബുധനാഴ്ച രാത്രി കുണ്ടംകുഴിക്കു സമീപത്തെ ഗദ്ദെമൂലയിലെ വീട്ടിലെത്തിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊന്നു. സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലെ നായയെയാണ് കടിച്ചു കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന നായയാണ് അക്രമത്തിനു ഇരയായത്. രാവിലെ നായയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ തെങ്ങിന്‍ കുഴിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടത്.
പാലപ്പൂവന്‍ ആമകളെ നിരീക്ഷിക്കുന്നതിനായി പാണ്ടിക്കണ്ടത്തു സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പത്തു ദിവസം മുമ്പ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ക്യാമറ വച്ച സ്ഥലത്തിനു സമീപത്താണ് ബുധനാഴ്ച പുലിയെത്തിയെന്നു സംശയിക്കുന്ന സുരേന്ദ്രന്റെ വീട്. പുലിയിറങ്ങിയെന്ന വിവരം പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. അതേസമയം ബുധനാഴ്ച പുലര്‍ച്ചെ കൊളത്തൂര്‍, നിടുവോട്ടു വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ ആണ്‍പുലിയെ വ്യാഴാഴ്ച രാവിലെയോടെ തൃശൂരിലെ മൃഗശാലയില്‍ എത്തിച്ചു. മുഖത്തും കാലിലും പരിക്കേറ്റ പുലിക്ക് ചികിത്സ വേണമെന്ന് മൃഗഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നറിയുന്നു.
Post a Comment
0 Comments