കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ ഇരുപതു പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉദുമ, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നാലു പേരും കാസര്‍കോട്ട് മൂന്നു പേരും കാഞ്ഞങ്ങാട് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ 390 പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഉദുമ- 56, മഞ്ചേശ്വരം- 56, കാസര്‍കോട്- 42, കാഞ്ഞങ്ങാട്- 98, തൃക്കരിപ്പൂര്‍- 138 ഇങ്ങനെയാണ് മണ്ഡലം തിരിച്ച കണക്ക്.
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായും പരിക്കേറ്റവര്‍ക്ക് 83.06 ലക്ഷം നഷ്ട പരിഹാരം നല്‍കിയതായും മന്ത്രി പറഞ്ഞു. കൃഷിനാശത്തിനുള്ള നഷ്ട പരിഹാരയിനത്തില്‍ നാലു വര്‍ഷത്തിനിടെ 87.16 ലക്ഷം രൂപയും വിതരണം ചെയ്തു. വന്യജീവി ആക്രമണംമൂലം കൃഷിനാശം തടയുന്നതിനും കര്‍ഷകരെ സംരക്ഷിക്കുന്നതിനുമായി കാര്‍ഷിക വികസന- കര്‍ഷക ക്ഷേമവകുപ്പ് ആര്‍.കെ.വി.വൈ ഹ്യൂമണ്‍ വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ലിക്ട് പദ്ധതിയെന്ന പേരില്‍ ഒരു പദ്ധതി രൂപീകരിക്കുകയും കാസര്‍കോട് മണ്ഡലത്തിലെ കാറഡുക്ക ബ്ലോക്കിലെ ബെള്ളൂര്‍ പഞ്ചായത്തില്‍ ഉദ്ദേശം 37 ലക്ഷം രൂപ ചെലവില്‍ 9 കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കുന്നതിന് കൃഷി വകുപ്പിന് ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്‍.എ നെല്ലിക്കുന്നിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ മലയോര- അതിര്‍ത്തി മേഖലകളിലടക്കം വന്യമൃഗങ്ങളുടെ ശല്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തുവരുന്ന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
അതിര്‍ത്തിയും കടന്ന് പുലി ഭീതിയും കാട്ടാന- പന്നി ശല്യവും നാടിറങ്ങുന്നത് ജനങ്ങളുടെ സൈ്വര്യജീവിതം താളംതെറ്റിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വേണ്ടത്ര സംവിധാനമില്ലാത്ത സ്ഥിതിയിലാണ് ജില്ലയില്‍ ആശങ്കയേറുന്നത്.
Post a Comment
0 Comments