മഞ്ചേശ്വരം: വധശ്രമക്കേസില്‍ അറസ്റ്റിലായി കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി നാലു വര്‍ഷത്തിന് ശേഷം പിടിയില്‍. ഉപ്പള കൈക്കമ്പയിലെ ആദം ഖാനെ (24) യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. 2020ല്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനായ ഉപ്പളയിലെ മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി പടന്നക്കാട് കോവിഡ് കെയര്‍ സെന്ററില്‍ കഴിയവെയാണ് 29ന് രാത്രിയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. നിരവധി വാറന്റ് കേസുകളിലും പ്രതിയാണ് ഇയാള്‍.
കൊലപാതക ശ്രമത്തിന് ശേഷം ആദം ഖാനും കൂട്ടാളി നൗശാദും രക്ഷപ്പെട്ടിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി ആയിരുന്ന പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്ത് കോടതി നടപടികള്‍ക്ക് ശേഷം ആദം ഖാനെ കോവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല.
കോവിഡ് കെയര്‍ സെന്ററിന്റെ നിന്ന് രക്ഷപ്പെട്ട ശേഷം കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷം കേരളത്തിലെ ചില കേന്ദ്രങ്ങളിലും ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നു. ഈ മൂന്നു സംസ്ഥാങ്ങളിലായി വധശ്രമം, മോഷണം കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി കേസുകള്‍ ആദം ഖാന്റെ പേരിലുണ്ട്. വര്‍ഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ചൊവ്വാഴ്ച രഹസ്യമായി കൈക്കമ്പയിലെ വീട്ടില്‍ വന്ന വിവരം അറിഞ്ഞ് വീട് വളഞ്ഞാണ് സാഹസികമായി പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, എസ്.ഐ രതീഷ് ഗോപി, സി.പി.ഒമാരായ വിജയന്‍, കെ.എം അനീഷ് കുമാര്‍, എം. സന്ദീപ്, സി.എച്ച്് ഭക്ത ശൈവല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments