അറുപത്തിമൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കും. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നൂറ്റിയൊന്നും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തില്‍ പത്തൊമ്പതും അറബിക് കലോത്സവത്തില്‍ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനില്‍ നവംബര്‍ 12 ല്‍ മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക നായകന്മാര്‍, സന്നദ്ധസംഘടനാ പ്രിതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട മുന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗരപരിധിയിലുളള 25 വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായും പ്രത്യേകം വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ്, പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
Post a Comment
0 Comments