കാസര്‍കോട്: സഫിയ വധക്കേസില്‍ കോടതി രേഖകള്‍ക്കൊപ്പം സൂക്ഷിച്ചിരുന്ന മകളുടെ തലയോട്ടി മാതാപിതാക്കള്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് കര്‍ണാടക കുടക് അയ്യങ്കേരി സ്വദേശികളായ സഫിയയുടെ പിതാവ് മൊയ്തു, മാതാവ് ആഇശ, സഹോദരങ്ങളായ മുഹമ്മദ് അല്‍ത്വാഫ്, മലപ്പുറം ഇഹ്യാഹുസുന്നയിലെ വിദ്യാര്‍ഥി മിസ്ഹബ്, അല്‍ത്വാഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവര്‍ ചേര്‍ന്ന് തലയോട്ടി ഏറ്റുവാങ്ങിയത്.
16 വര്‍ഷം കേസിന്റെ നിയമ നടപടിയുമായി ബന്ധപ്പെട്ട് സൂക്ഷിച്ച സഫിയയുടെ തലയോട്ടിയാണ് ഇപ്പോള്‍ ഖബറടക്കത്തിനായി വിട്ടുകൊടുക്കണമെന്ന അപേക്ഷയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍ ഉത്തരവിട്ടത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി. ഷുക്കൂര്‍ മുഖേനയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് നിര്‍ണായക തെളിവായിരുന്ന തലയോട്ടി കൈമാറിയത്.
ജില്ലാ എസ്.വൈ.എസ് സാന്ത്വനം സെക്രടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അജിത് കുമാര്‍ ആസാദ്, നാരായണ്‍ പെരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദിര്‍ അഷ്‌റഫ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് പുത്തിഗെ മുഹിമ്മാത്തിന്റെ ആംബുലന്‍സില്‍ കയറ്റി മുഹിമ്മാത്തില്‍ കൊണ്ടുപോയി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം മുഹിമ്മാത്ത് ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും നടത്തി. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പല്‍ വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വദേശമായ കുടക് അയ്യങ്കേരിയിലേക്ക് കൊണ്ടുപോയി അയ്യങ്കേരി ജമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മതപരമായ ചടങ്ങുകളോടെ തലയോട്ടി ഖബറടക്കി.
Post a Comment
0 Comments