Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് കരാറുകളിലെ കള്ളക്കളികള്‍ വിജിലന്‍സ് അന്വേഷിക്കണം: എ അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രവൃത്തികളും പര്‍ച്ചേസുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വീതിച്ച് നല്‍കി കോടികളുടെ അഴിമതിയാണ് അരങ്ങേറുന്നതെന്നും ജില്ലാ പഞ്ചായത്തിന്റെ കരാറുകളിലെ കള്ളക്കളികളും തിരിമറികളും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവൃത്തികളില്‍ മിക്കതും ചില പ്രത്യേക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ടെണ്ടറില്ലാതെ നല്‍കുകയും അവിടെ നിന്നും സ്വകാര്യ വ്യക്തികള്‍ക്കും ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടപ്പെട്ട ര്‍ക്കും ഏജന്‍സികള്‍ക്കും വീതിച്ചു നല്‍കുകയും ചെയ്യുന്ന കള്ളക്കളിയാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവൃത്തികള്‍ മുതല്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, പുനരുദ്ധാരണം, ഫര്‍ണിച്ചര്‍ വാങ്ങല്‍, സ്‌കൂളുകളിലേക്കുള്ള സൗരോര്‍ജ പ്ലാന്റുകള്‍ തുടങ്ങിയവയെല്ലാം ആദ്യം ടെണ്ടറില്ലാതെ വേണ്ടപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിനു നല്‍കുകയും പിന്നീട് അവിടെ നിന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍ദേശിക്കുന്ന സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും പ്രവൃത്തി നല്‍കുന്ന തിരക്കഥയാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറുകളുടെയും സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മിക്കാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവയുടെയും കരാറുകള്‍ ടെണ്ടറില്ലാതെ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ പതിന്മടങ്ങ് ഫര്‍ണിച്ചറുകളാണ് വാങ്ങിക്കൂട്ടുന്നത്. സ്‌കൂളുകളില്‍ സാധാരണ ടോയിലറ്റുകള്‍ നിര്‍മിക്കുന്നതിന് പകരം മൂന്നിരട്ടി ചെലവു വരുന്ന പ്രീ ഫാബ് ടോയിലറ്റുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. കൂടാതെ വാട്ടര്‍ പ്യൂരി ഫയര്‍, റെഡിമെയ്ഡ് സ്റ്റീല്‍ വാഷ്‌ബേസിന്‍, പല സ്‌കൂളുകളിലും ഷീറ്റ് റൂഫ് ഹാളുകള്‍, പ്രീ ഫാബ് സ്റ്റീം കിച്ചന്‍ ഷെല്‍ഫുകള്‍ എന്നിവ യഥേഷ്ടം വാങ്ങിക്കൂട്ടുകയാണ്. ഇതെല്ലാം വന്‍ അഴിമതികള്‍ക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ്.

പദ്ധതി നിര്‍വഹത്തിന്റെയും പൂര്‍ത്തീകരണത്തിന്റെയും അന്തസത്ത കളഞ്ഞുകുളിച്ച് പദ്ധതി വിഹിതം സ്വന്തക്കാരുടെ കൈകളിലെത്തിച്ച് കീശ വീര്‍പ്പിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഇടപാടുകളെ കുറിച്ചും ടെണ്ടറുകളെ കുറിച്ചും പൊതുമേഖല സ്ഥാപനങ്ങളില്‍ ഉപകരാര്‍ നല്‍കിയ വ്യക്തികളെ സംബന്ധിച്ചും പ്രവൃത്തികളെക്കുറിച്ചും വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad