മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. വിഷയത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരത്തേ വിളിച്ചുവരുത്തിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ചട്ടപ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഗവർണറെ കാണേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, ബിസിനസ് റൂൾസ് അനുസരിച്ച് അവരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ വാദിക്കുന്നു.
വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്തയക്കുമെന്നാണ് സൂചന. തൻ്റെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ മറച്ചുവെക്കുകയാണെന്ന് ഗവർണർ അടുത്തിടെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ചിരുന്നു. പിണറായി വിജയൻ്റെ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറഞ്ഞു: “കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങളുടെ പരസ്യ പ്രസ്താവനകൾ അനുസരിച്ച് ദേശവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള എൻ്റെ അപേക്ഷയിൽ നിങ്ങളുടെ മൗനവും നിഷ്‌ക്രിയത്വവും അമിതമായ കാലതാമസവുമാണ് സൃഷ്ട്ടിക്കുന്നത്. ഇത് കൗതുകമുണർത്തുന്നവയാണ്, അവ നിങ്ങൾക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു.”
Post a Comment
0 Comments