Type Here to Get Search Results !

Bottom Ad

നീലേശ്വരം വെടിക്കെട്ടപകടം: 154 പേര്‍ക്ക് പരിക്ക്‌; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ


കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി. 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോർട്ട്.

രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ജില്ല കളക്‌ടർ പറഞ്ഞു. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റു നാലുപേരെ കൂടി പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്.

സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

അതേസമയം പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസർകോട് ജില്ലാ കളക്‌ടർ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം. രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും വെടിക്കെട്ട് നടത്തുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടകാരണമെന്നും കളക്ടർ അറിയിച്ചു. അതേസമയം സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചുവെന്നും ജില്ലാകളക്‌ടർ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad