കാസര്‍കോട്: പൊതുമേഖലയിലടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസിലെ പ്രതിയും മുന്‍ ഡി.വൈ.എഫ്.ഐ നേതാവും അധ്യാപികയുമായ ബദിയടുക്ക പൊലീസ് പരിധിയിലെ സച്ചിതറൈ (27) അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് വിദ്യാനഗറില്‍ വച്ചാണ് സച്ചിത പൊലീസിന്റെ പിടിയിലായത്. അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹാജരാകാനെത്തുമ്പോള്‍ വഴിയില്‍ വച്ച് കേസന്വേഷണത്തിനായി നിയമിച്ച വനിതാ പൊലീസ് വിദ്യാനഗര്‍ പൊലീസിന്റെ സഹായത്തോടെ സച്ചിതയെ പിടികൂടുകയായിരുന്നു. ഇവരെ പിന്നീട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നതിനു പിന്നാലെ ആഴ്ചകളായി സച്ചിത ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍കോട്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടക എക്സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതി. സച്ചിതയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പെര്‍ള ശാഖയിലെ അകൗണ്ടിലേക്കും, കാനറ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവര്‍ പണം അയക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാര്‍ പറയുന്നത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് കിദൂര്‍ പടിക്കല്ലില്‍ നിഷ്മിത ഷെട്ടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സചിതാറൈ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ബാഡൂര്‍ എഎല്‍പി സ്‌കൂളില്‍ അധ്യാപികയായ സച്ചിതറൈ മുന്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Post a Comment
0 Comments