ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണ 16കാരിക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ പെണ്‍കുട്ടിയെ ഇന്ദിരാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഗാസിയാബാദിലെ ഇന്ദിരാപുരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സ്വതന്ത്ര കുമാര്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തന്റെ ബാല്‍ക്കണിയിലിരുന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുകയായിരുന്നു. സ്റ്റൂളില്‍ കയറിനിന്നായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്. ഇതിനിടെ സ്റ്റൂളില്‍ നിന്ന് തെന്നിവീഴുകയായിരുന്നു. ഫോണ്‍ താഴേക്ക് വീണപ്പോള്‍ അത് പിടിക്കാനായി ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയും താഴേക്ക് വീണു. താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന വലിയ സിമന്റ് പൂച്ചെട്ടിയിലാണ് പെണ്‍കുട്ടി വീണത്. അതുകൊണ്ടാണ് ജീവന് രക്ഷിക്കാനായാതെന്ന് എ.സി.പിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'പൂച്ചട്ടിയില്‍ നിറയെ ചെളിയായിരുന്നു. അതാണ് അവളുടെ ജീവന് രക്ഷിച്ചത്.വലത് കാലിന് പൊട്ടലും നെറ്റിയില്‍ ചെറിയ പരിക്കും സംഭവിച്ചിട്ടുണ്ട്..' അദ്ദേഹം പറഞ്ഞു
Post a Comment
0 Comments