കാസര്‍കോട് (www.evisionnews.in): ഹൈമാസ്റ്റ് വിളക്കില്‍ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രടറിക്കെതിരെയും, സമരം നടത്തിയ ഡിവൈഎഫ്‌ഐക്കെതിരെയും, അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എം എല്‍ അശ്വിനിക്കെതിരെയും ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇവര്‍ ആരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവര്‍ത്തനം തന്നെ നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ നടന്ന ആരോപണത്തില്‍ കാസര്‍കോട് ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എംപി ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ വാക്ക് കേട്ട് ചാടിയിറങ്ങുന്നതിന് മുമ്പ് ഇതിന്റെ നിര്‍വഹണം എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ പോലും മെനക്കെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ ഉണ്ണിത്താന്‍ പരിഹസിച്ചു .
സമരം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറിവില്ലാത്ത പയ്യന്മാരാണെന്നും അവരെ വെറുതെ വിടാമെന്നും പറഞ്ഞ ഉണ്ണിത്താന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എം എല്‍ അശ്വിനിയെയും വെറുതെ വിടാന്‍ തയ്യാറായില്ല. എംപിയുടെ ഫണ്ട് വിനിയോഗത്തില്‍ എംപിക്ക് നേരിട്ട് ഒരു റോളുമില്ല. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കേണ്ട സ്ഥലം എവിടെയാണെന്ന് നിര്‍ദേശിക്കാനും അവ നടപ്പാക്കിയതായി അറിയിച്ചാല്‍ ഉദ്ഘാടനം ചെയ്യാനും മാത്രമേ എംപിക്ക് സാധിക്കൂ. ഇതിന്റെ തുക മുഴുവന്‍ ചിലവാക്കുന്നത് ജില്ലാ കലക്ടറാണ്.
എംപിക്ക് ഒരപേക്ഷ കിട്ടിയാല്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത് ഭരണസമിതിയുടെ അംഗീകാരം വാങ്ങുകയാണ് ചെയ്യുന്നത്. അത് പിന്നീട് കലക്ടര്‍ക്ക് അയച്ചുകൊടുക്കുന്നു. നിര്‍ദേശിക്കപ്പെട്ട സ്ഥലം കലക്ടര്‍ പരിശോധിച്ച ശേഷം ഉറപ്പുവരുത്താന്‍ പി ഡബ്‌ള്യു ഡിക്കും ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കും കൈമാറുകയാണ് ചെയ്യുന്നത്. ഗുണമേന്മ ഉറപ്പുവരുത്താന്‍ അംഗീകാരമുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ പത്രപരസ്യം വഴി ടെന്‍ഡര്‍ ക്ഷണിച്ച് അതിന് അംഗീകാരം നല്‍കുന്നു. പദ്ധതി നിര്‍വഹണം നടത്തേണ്ടതും തുക കൈമാറേണ്ടതും ജില്ലാ കലക്ടര്‍മാരാണ്. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ എംപിക്ക് എവിടെയാണ് പങ്കെന്നും ഉണ്ണിത്താന്‍ ചോദിച്ചു.
വിജിലന്‍സിനോ ക്രൈംബ്രാഞ്ചിനോ അതല്ല ഇ ഡിക്കോ സിബിഐക്കോ വരെ അന്വേഷണം കൈമാറുന്നതില്‍ തനിക്ക് യാതൊരു വിരോധവുമില്ല. പദ്ധതിയുടെ കാര്യത്തില്‍ 10 രൂപയുടെ ചായ വാങ്ങി കഴിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവെക്കുന്നതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ ആളല്ല. വിടുവായത്തത്തിന് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. കാസര്‍കോട്ടെ ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഒരു ലക്ഷത്തിന് മുകളില്‍ കിട്ടിയ ഭൂരിപക്ഷമെന്നും കാസര്‍കോട്ട് ഒരു എംപിയുണ്ടെന്ന് 35 വര്‍ഷത്തിന് ശേഷം താന്‍ വിജയിച്ച ശേഷമാണ് ഇവിടത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷം എംപിയെന്ന നിലയില്‍ കിട്ടിയ 17 കോടിയുടെ ഫണ്ടും മുന്‍ എംപി പി കരുണാകരന്‍ ചിലവഴിക്കാതിരുന്ന രണ്ടര കോടിയും അടക്കം 19.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എംപി ഫണ്ടെന്ന നിലയില്‍ ചിലവഴിച്ചത്. അല്ലാത്ത വികസനങ്ങള്‍ നിരവധിയുണ്ട്. കേരളത്തില്‍ അഞ്ച് ആദര്‍ശ് സ്റ്റേഷന്‍ അനുവദിച്ചപ്പോള്‍ അതില്‍ രണ്ടും കാസര്‍കോട് മണ്ഡലത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. പയ്യന്നൂരും കാസര്‍കോടും ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ കാര്യവും, നീലേശ്വരത്ത് മൂന്ന് ട്രെയിനുകള്‍ക്കും, മംഗ്‌ളുറു വിട്ടാല്‍ കോഴിക്കോട് നിര്‍ത്തുന്ന മൂന്ന് വണ്ടികള്‍ക്ക് കാസര്‍കോട്ടും, ചെറുവത്തൂരില്‍ പരശുറാം എക്സ്പ്രസിനും, ഏഴിമലയില്‍ തിരുവനന്തപുരം - മംഗ്‌ളുറു എക്സ്പ്രസിനും, പഴയങ്ങാടിയില്‍ പ്രധാന വണ്ടിക്കും സ്റ്റോപ് അനുവദിച്ചതടക്കം നേരിട്ട് ഇടപെട്ട് ശ്രമങ്ങള്‍ നടത്തിയതായി എംപി വിവരിച്ചു.
കാസര്‍കോട് ജില്ലയില്‍ മാത്രം അഞ്ചിലധികം റെയില്‍വേ ഗേറ്റുകള്‍ക്ക് മേല്‍പാലം പണിയാന്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഗേറ്റുകളും ഒഴിവാക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പുതുതായി ആരംഭിച്ച ഷൊര്‍ണൂര്‍ - കാസര്‍കോട് ട്രെയിന്‍ കാസര്‍കോട് വരെ നീട്ടുമെന്ന്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് അറിയിച്ചിട്ടുണ്ട്. എംപിയെന്ന നിലയില്‍ താന്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണെന്നും ഒരു രൂപയുടെ ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
മുമ്പുള്ള എംപിമാരെ കാണാന്‍ ബ്രാഞ്ച് സെക്രടറിയുടെയും ലോകല്‍, ഏരിയ ജില്ലാ കമിറ്റികളുടെ കത്ത് ആവശ്യമായിരുന്നു. എന്നാല്‍ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നേരിട്ട് സമീപിക്കാം. ആരുടേയും കത്ത് ആവശ്യമില്ല. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സിപിഎമിലെ അണികളാണ് അവരുടെ പാര്‍ടിയുടെ അടിത്തറ ഇളക്കിക്കൊണ്ട് ബിജെപിയിലേക്ക് പോയിരിക്കുന്നത്. വടകരയില്‍ ശാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ പോസ്റ്റ് ഇറക്കിയത് പോലെ, തന്നെ പോലെയുള്ള ഒരാളുടെ വേഷം കെട്ടിച്ച് കുറി മായ്ച്ചുകളഞ്ഞും കയ്യിലെ ചരട് പൊട്ടിച്ചും ഇടത്തോട്ട് മുണ്ട് ഉടുപ്പിച്ചും വീഡിയോ ചെയ്ത് വര്‍ഗീയത പരത്താന്‍ സിപിഎം നടത്തിയ നെറികെട്ട കളികള്‍ കാസര്‍കോട്ടെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് തന്റെ ഭൂരിപക്ഷം ഇത്രയും വര്‍ധിക്കാന്‍ കാരണമായതെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
കെ സുധാകരന്‍ എംപിയുടെ വീട്ടില്‍ കൂടോത്രം കണ്ടെത്തിയ സംഭവത്തില്‍ ഇക്കാര്യത്തെ കുറിച്ച് ഉണ്ണിത്താനോട് ചോദിക്കൂ എന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപോള്‍ ഒന്നും പറയാനില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ ചാനലുകള്‍ക്ക് കിട്ടിയത് കാസര്‍കോട് നിന്നാണെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ നല്‍കിയത് ആരാണെന്ന് പറഞ്ഞാല്‍ അതിന് മറുപടി നല്‍കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാവ് എംസി പ്രഭാകരന്‍ എന്നിവരും രാജ്മോഹന്‍ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.
Post a Comment
0 Comments