കാസര്‍കോട്: മകനെ കാണാതായതായി കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ തുടര്‍ അന്വേഷണം നടത്തിയില്ലെന്ന് പരാതി. കുമ്പള സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടി അട്ക്ക കോട്ട ഹൗസിലെ നിസാര്‍ എന്ന 29കാരനെ 2023 ഏപ്രിലിലാണ് കാണാതായത്. മൂന്നാം ദിവസം ഇതുസംബന്ധിച്ച് കുമ്പള പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായിട്ടും പരാതിയിന്മേല്‍ യാതൊരു അന്വേഷണം നടത്തിയില്ലെന്ന് പിതാവ് മഹ്മൂദ് പറയുന്നു.
കഴിഞ്ഞ എപ്രില്‍ ഏഴിന് രാവിലെ 10.30ന് നിസാര്‍ താന്‍ അടുക്കയില്‍ നടത്തുന്ന തട്ടുകടയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അന്ന് കടയിലെത്തിയില്ല. കേള്‍വിക്കും കാഴ്ചയ്ക്കും വൈകല്യമുള്ള നിസാര്‍ ഇതിനു മുമ്പും വീട്ടില്‍ നിന്നിറങ്ങിപ്പോയിട്ടുണ്ട്. ബന്ധുവീടുകളില്‍ പോയി തിരിച്ചുവരികയാണ് പതിവ്. അന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മൂന്നു ദിവസം തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പരാതി രേഖാമൂലം നല്‍കിയെങ്കിലും ഇതുവരെ യാതൊരുവിധ തുടര്‍ അന്വേഷണവും നടന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ ടിയാന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ എങ്ങനെ കണ്ടെത്താനാവുമെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്കടക്കം നല്‍കിയ പരാതികള്‍ കുമ്പള സ്റ്റേഷനിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടും പൊലീസ് അനങ്ങാപ്പറ നയം സ്വീകരിക്കുകയാണെന്നും പിതാവ് ആരോപിക്കുന്നു.
Post a Comment
0 Comments