മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ റിമാന്റിലുള്ള ആറു പ്രതികളെയും ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത തുക കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
പ്രതികളില്‍ ചിലര്‍ക്ക് ഹവാല ഇടപാടും വിദേശബന്ധവും ഉണ്ടെന്ന് കൂടി വ്യക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡി.ജി.പി എസ് ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സഹകരണസംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 13നാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സഹകരണസംഘം സെക്രട്ടറിയായിരുന്ന കര്‍മ്മന്തൊടിയിലെ കെ രതീഷിനെയാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയതോടെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പണയമില്ലാതെ സ്വര്‍ണ പണയവായ്പകള്‍ എടുത്തും ലോക്കറില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തും കേരള ബാങ്ക് കാഷ് ക്രെഡിറ്റില്‍ നിന്ന് തുക മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയും രതീഷ് 4.76 കോടി രൂപ തട്ടിയെടുത്തു വെന്നായിരുന്നു ആദ്യത്തെ കേസ്. തട്ടിപ്പിന് ഒത്താശ നല്‍കുകയും പങ്കാളികളാകുകയും ചെയ്ത അഞ്ചുപേര്‍ ഈകൂടി ഈ കേസില്‍ പ്രതികളാകുകയായിരുന്നു.
കര്‍മ്മന്തൊടിയിലെ കെ. രതീഷ്, ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍കുമാര്‍, പയ്യന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ താണ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് അരക്കിണര്‍ സ്വദേശി സി നബീന്‍ എന്നിവരാണ് അറസ്റ്റിലായത്.
കാറഡുക്ക സഹകരണ സംഘത്തില്‍ നിന്ന് രതീഷ് കടത്തിയ പണയസ്വര്‍ണങ്ങള്‍ കേരള ബാങ്കിന്റെ കാഞ്ഞങ്ങാട്, പെരിയ ശാഖകളില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. 190ഓളം പവന്‍ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ബാക്കി സ്വര്‍ണവും പണവും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ ആദ്യം പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയിരുന്നു. ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ആറ് പ്രതികളെയും ഒരുമിരിച്ചിരുത്തി ചോദ്യം ചെയ്തതോടെ തട്ടിപ്പുമായി ഇനിയും കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന വിവരമാണ് ലഭിച്ചത്. പ്രതികള്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നും വിദേശത്ത് ഉള്‍പ്പെടെ തട്ടിപ്പിന്റെ കണ്ണികള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.
Post a Comment
0 Comments