Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്; ഭാര്യയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരെയും വെറുതേവിട്ട കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ റിയാസ് മൗലവിയുടെ ഭാര്യ സൈദ ഹൈകോടതിയില്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സ്‌നേഹലത, പി.വി സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ജിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. പബ്ലിക് പ്രോസിക്യൂഷന്‍ അഡ്വ. ഷാജിത്ത് ഹാജരാകും.

ഏറെ പ്രമാദമായ കേസില്‍ മാര്‍ച്ച് 29നാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയുണ്ടാകുന്നത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു വിട്ടയച്ചത്. ഏറെ വിവാദമുയര്‍ത്തിയ കേസില്‍ ആരംഭത്തിലും നടത്തിപ്പിലും വീഴ്ചകള്‍ ജഡ്ജി കെ.കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന രൂക്ഷ വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. കൊലപാതകം സംബന്ധിച്ച് പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തിയിരുന്നു.

അതേസമയം, പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഇത് തെളിയിക്കാനായില്ല. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വാദവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കൊലപാതകം, മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം അശുദ്ധമാക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെ ചൂരിയിലെ മുഹ്യുദ്ദീന്‍ പള്ളിയോടു ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നു പേരെയാണു പൊലീസ് പിടികൂടിയത്. സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നു കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൂന്നു ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ല്‍ വിചാരണ ആരംഭിച്ചു. 2022ല്‍ പൂര്‍ത്തിയായി. ഇതിനകം എട്ടു ജഡ്ജിമാരുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് എത്തി. വിചാരണയില്‍ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതി അടയാളപ്പെടുത്തി. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് പലതവണ മാറ്റിവച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad