കാസര്‍കോട്: നീതി കിട്ടാതെപോയ ഇരകളുടെ പട്ടികയില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വര്‍ഗീയ കൊലക്കത്തിക്കിരയായ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയും. മൂന്നുതവണ വിവിധങ്ങളായ കാരണങ്ങളാല്‍ വിധിപ്രസ്താവം മാറ്റിവച്ച പ്രമാദമായ കൊലക്കേസില്‍ ഇന്നലെയാണ് മൂന്നു പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള വിധിയുണ്ടായത്. ചൂരിയില്‍ തന്നെ നേരത്തെ ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായ സാബിത്ത് വധക്കേസിനു സമാനമായാണ് റിയാസ് മൗലവി കേസിലും തെളിവുകളുടെ അഭാവത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായത്.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി കൊലചെയ്യപ്പെട്ടത്. സാമൂദായിക കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂട്ടര്‍ക്കും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസ് വാദം.
്പ്രതികള്‍ കുറ്റവിമുക്തമാക്കപ്പെടുന്ന ആദ്യത്തെ കേസല്ല റിയാസ് മൗലവി കൊലക്കേസ്. ചൂരിയിലെ സാബിത്ത്, സിനാന്‍, കുമ്പള ആരിക്കാടി കടവത്തെ അസ്ഹര്‍, ബട്ടംപാറയിലെ റിഷാദ്, കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ അങ്ങനെ പോകുന്ന നീതികിട്ടാതെ പോയ ഇരകള്‍. കൊലപാതക കേസുകളില്‍ പൊലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകളും പ്രതികള്‍ക്ക് ശിക്ഷലഭിക്കാത്തതും സാമുദായിക സംഘര്‍ഷങ്ങളും വര്‍ഗീയ കൊലപാതകങ്ങളും വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.
2019ലെ സാബിത്ത് വധക്കേസ് വിധിയില്‍ പ്രതികളായ ഏഴു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മാനുഷിക പരിഗണന നല്‍കി കോടതി വെറുതെ വിട്ടിരുന്നു. 2013ജൂലൈ ഏഴിനാണ് ജെ.പി കോളനി പരിസരത്ത് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി സാബിത്ത് എന്ന 18കാരന്‍ കൊലചെയ്യപ്പെട്ടത്. കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകളാണ് പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2009 നവംബര്‍ 15ന് നടന്ന അസ്ഹര്‍ വധക്കേസില്‍ കുത്തേറ്റ സ്ഥലം കൃത്യമായി വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാനിടയായത്. ഈ കേസില്‍ പൊലീസ് റിപ്പോര്‍ട്ടിലെ കുത്തേറ്റ സ്ഥലത്തിലെ പൊരുത്തക്കേട് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. കാസര്‍കോട്ട് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സിനാന്‍ വധക്കേസിലും പ്രോസിക്യൂഷന് കുറ്റംതെളിയിക്കാന്‍ കഴിയാതെ പോയതാണ് ആ കുടുംബത്തിന് നീതി കിട്ടാതെ പോയത്. അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്നാണ് കോടതി വിധിയില്‍ സൂചിപ്പിച്ചത്.
കാസര്‍കോട് പൊലസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 2008 മുതല്‍ സാമുദായി സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേരാണ്. ഇത്തരം കേസുകളിലൊക്കെ പൊലിസ് അന്വേഷണങ്ങളിലെ വീഴ്ചകള്‍മൂലം പ്രതികള്‍ രക്ഷപ്പെടുകയോ വിചാരണ പാതിവഴിയിലാവുകയോ ചെയ്യുന്നു. ഒടുവില്‍ റിയാസ് വധക്കേസിലും പ്രതികള്‍ കുറ്റവിമുക്തരായതോടെ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടുന്നു.
KEYWORDS: Kasaragod, Riyas Moulavi, Murder Case, Injustice, Shereef Karippody, News Story
KEYWORDS: Kasaragod, Riyas Moulavi, Murder Case, Injustice, Shereef Karippody, News Story
Post a Comment
0 Comments