കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപത്തെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന ഭണ്ഡാരം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മല്ലികാര്‍ജുന ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ ഉപദേവനായ അയ്യപ്പന്റെ ശ്രീകോവിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഭണ്ഡാരം ഞായറാഴ്ച രാത്രിയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ടോടെയാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഭണ്ഡാരത്തിലെ പണം കൊണ്ടുപോയിരുന്നു.
ഞായറാഴ്ച രാത്രി ഒരുമണിക്കും തിങ്കളാഴ്ച പുലര്‍ച്ചെ 2.30നും ഇടയിലുള്ള സമയത്താണ് ഭണ്ഡാരം മോഷ്ടിച്ചതെന്നാണ് സി.സി. ടി.വി. ദൃശ്യത്തില്‍ വ്യക്തമാകുന്നത്. കോവിലിന് മുന്നിലെ ഇരുമ്പ് തൂണില്‍ സ്ഥാപിച്ച ഭണ്ഡാരമാണ് ഇളക്കിയെടുത്ത് കൊണ്ടുപോയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടംഗസംഘത്തിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുണ്ടും പാന്റ്സും ധരിച്ച് മുഖംമൂടിയണിഞ്ഞ രണ്ടുപേരെയാണ് ദൃശ്യത്തില്‍ കാണുന്നത്.
ഞായറാഴ്ച രാത്രി 12 മണിക്ക് ക്ഷേത്രം അടച്ചതിന് ശേഷം പരിശോധന നടത്തിയ ശേഷമാണ് സുരക്ഷാ ജീവനക്കാരന്‍ തിരിച്ചുപോയിരുന്നത്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുനിന്ന് ഒരു വാഹനം ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി സുരക്ഷാ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഭണ്ഡാരപ്പെട്ടിയില്‍ ഒരു ലക്ഷത്തോളം രൂപ മാസത്തില്‍ ഉണ്ടാകാറുണ്ടെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. ഭണ്ഡാരമോഷണം സംബന്ധിച്ച് ക്ഷേത്ര അധികൃതര്‍ പരാതി നല്‍കിയെങ്കിലും മൊഴിനല്‍കാന്‍ എത്താതിരുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments