കാസര്‍കോട്: പൊലിസ് പിന്തുടര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ഥി ഫറാസ് മരിക്കാനിടയായ സംഭവത്തില്‍ കോടതി ഇടപെടലില്‍ പൊലീസിനെതിരെ കേസെടുത്ത നടപടി കുമ്പള പോലിസിനേറ്റ തിരിച്ചടിയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. മുസ്ലിം ലീഗ് പിന്തുണയോടെ മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എസ്.ഐ. എസ്.ആര്‍ രജിത്ത്, സി.പി.ഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെ ഐപിസി 304 പ്രകാരം നരഹത്യക്ക് കേസെടുത്തതിലൂടെ പൊലിസ് ക്രിമിനലെന്ന് തെളിഞ്ഞിരിക്കുകയാണ്. സത്യം ഒരു നാള്‍ പുലരുമെന്ന ദൃഢനിശ്ചയത്തോടെയുള്ള നിയമപോരാട്ടം വിജയം കണ്ടതില്‍ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് കൂടുതല്‍ കരുത്തു പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അംഗഡിമൊഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസിനെ സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് പൊലിസ് ഓടിച്ചു കൊലപ്പെടുത്തിയത്. പൊലിസിനെതിരെ നിയമ നടപടിയാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. പരാതികള്‍ മാറിമാറി നല്‍കിയിട്ടും കുറ്റാരോപിതരായ പൊലിസുകാരെ സംരക്ഷിക്കാനാന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. വിഷയത്തില്‍ മുസ്ലിം ലീഗ് നിരന്തരം സമര- നിയമ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുകയും മാതാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് പൊലിസുകാര്‍ക്കെതിരെ കേസെടുത്തത്.
Post a Comment
0 Comments