അബൂദബി: രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് യു.എ.ഇയില്‍ കുറഞ്ഞത് 1,50,000 ദിര്‍ഹം പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ചു. അബൂദബി ജൂഡീഷ്യല്‍ അതോറിറ്റി ചൊവ്വാഴ്ചയാണ് ആളുകളുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന അപവാദ പ്രചാരണ വിരുദ്ധ, സൈബര്‍ കുറ്റകൃത്യം നിയമത്തെക്കുറിച്ച് വിശദീകരണം നല്‍കിയത്. അത്യാധുനിക സാങ്കേതികവിദ്യ ഏവര്‍ക്കും ലഭ്യമാകുമ്‌ബോള്‍ താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എക്കാലവും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നിയമം.
ആരുടെയും അനുമതിയില്ലാതെ ഫോട്ടോകള്‍ എടുക്കാനോ സൂക്ഷിക്കാനോ സംസാരം റെക്കോഡ് ചെയ്യാനോ അവ പങ്കുവെക്കാനോ പാടില്ലെന്ന് അബൂദബി ജുഡീഷ്യല്‍ വകുപ്പ് താമസക്കാരെ ഓര്‍മിപ്പിച്ചു. ആരുടെയെങ്കിലും സ്വകാര്യത ലംഘിച്ചാല്‍ 1,50,000 ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഒരാളുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ വാര്‍ത്തകളോ അവരുടെ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുക (പങ്കുവെക്കുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ കൂടി) ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യത വെളിപ്പെടുത്തുന്ന ശബ്ദ-സ്രാവ്യ റെക്കോഡുകള്‍ നടത്തുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുക, അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുക, ഒരു വ്യക്തിയുടെ ജി.പി.എസ് ലൊക്കേഷന്‍ ട്രാക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കുറ്റകരമാണ്. വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവരുടെ ശബ്ദരേഖയോ ഫോട്ടോയോ വിഡിയോ ദൃശ്യങ്ങളോ മാറ്റം വരുത്തിയാല്‍ 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹംവരെ പിഴയും ഒരുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വിശദീകരിച്ചു.
Post a Comment
0 Comments