Type Here to Get Search Results !

Bottom Ad

'രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു; നഴ്സിംഗ് അഡ്മിഷന് വാങ്ങിയ പണം തിരികെ നല്‍കിയില്ല'; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി പത്മകുമാര്‍


അടൂര്‍: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി പ്രതി പത്മകുമാര്‍. മകള്‍ക്ക് വിദേശത്ത് പഠനത്തിന് അവസരമൊരുക്കാമെന്ന് വാക്ക് നല്‍കി കുട്ടിയുടെ പിതാവ് റെജി പണം വാങ്ങിയിരുന്നതായും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി.

പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് വിദേശത്ത് നഴ്‌സിംഗ് പഠനത്തിന് സീറ്റ് ലഭിക്കാന്‍ ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാക്ക് നല്‍കി റെജി പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ റെജി വാക്ക് പാലിച്ചില്ലെന്നും പലകുറി പണം തിരികെ ചോദിച്ചിട്ടും നല്‍കിയില്ലെന്നും പ്രതി പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ റെജിയ്ക്ക് കൈമാറിയതായി പറയുന്നത്.

അടൂര്‍ കെഎപി ക്യാമ്പിലെ ചോദ്യം ചെയ്യലിനിടയിലാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. അതേ സമയം കൃത്യത്തില്‍ തനിക്ക് മാത്രമാണ് പങ്കെന്നും ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും ആവര്‍ത്തിച്ചു. പത്മകുമാര്‍ ഭാര്യയെ ഭയപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഭാര്യ എതിര്‍ത്തിരുന്നു.

വീടിന് ജപ്തി ഭീഷണിയുണ്ടെന്നും ആത്മഹ്ത്യ ചെയ്യുമെന്നും ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴായിരുന്നു പ്രതി റെജിയ്ക്ക് പണം കൈമാറിയത്. എന്നാല്‍ വീട്ടിലെത്തി നേരിട്ട് പണം ചോദിച്ചിട്ടും ഇയാള്‍ പണം തിരികെ നല്‍കാന്‍ കൂട്ടാക്കാതെ വന്നപ്പോഴാണ് റെജിയെയും കുടുംബത്തെയും ഭയപ്പെടുത്താന്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘത്തിന്റെ സഹായം ലഭിച്ചിരുന്നതായി പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. ഈ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ആണ്‍കുട്ടി പ്രതിരോധിച്ചതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സഹോദരന്‍ വിവരം പുറത്തറിയച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad