Type Here to Get Search Results !

Bottom Ad

വ്യാപാരികളുടെ വഴിയോര കച്ചവടം നിയമ ലംഘനവും അപഹാസ്യവും: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരത്തില്‍ വഴിയോര കച്ചവടം നടത്താന്‍ തീരുമാനിച്ചത് നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്വന്തം കഴിവുകേട് മറക്കാന്‍ വേണ്ടിയുമാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്മാന്‍. 2014ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ട്രീറ്റ് വെണ്ടേഴ്‌സ് ആക്റ്റും അതിനോടനുബന്ധിച്ച് സംസ്ഥാനത്തുണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ നിയമം നടപ്പാക്കിയ പട്ടണങ്ങളില്‍ വഴിയോര കച്ചവടം നടത്താന്‍ കഴിയുകയുള്ളൂ. അതിന്റെ നിയന്ത്രണങ്ങള്‍ക്കും നടത്തിപ്പിനും ടൗണ്‍ വെന്റിംഗ് കമ്മിറ്റികള്‍ നിലവിലുണ്ട്.

ജില്ലാതലത്തില്‍ അവലോകനത്തിനായി കലക്ടര്‍ അധ്യക്ഷനായ സമിതിയുമുണ്ട്. കമ്മിറ്റികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി പ്രതിനിധികളും അംഗങ്ങളാണെന്നിരിക്കെ നഗരത്തില്‍ പാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വ്യാപാരം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനു പകരം എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തെരുവു കച്ചവടമാണെന്ന പ്രചരാണം നടത്തുന്നത് അപഹാസ്യവും സ്വന്തം കഴിവുകേട് മറച്ച് വെക്കലുമാണ്. കാസര്‍കോട് നഗരത്തില്‍ അംഗീകൃത തെരുവു കച്ചവടക്കാരാണ് കച്ചവടം നടത്തുള്ളത്. അവര്‍ക്ക് നഗരസഭ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയുമാണ്. സ്വന്തം സ്ഥാപനത്തിന് മുന്നില്‍ വഴിയോര കച്ചവടം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരില്‍ നിന്നും അനധികൃതമായി തറവാടക വാങ്ങുകയും ചെയ്യുന്ന വ്യാപാരികള്‍ നഗരത്തിലുണ്ട്.

ഫുട്പാത്ത് കയ്യേറി സ്വന്തം സ്ഥാപനത്തിലെ സാധനങ്ങള്‍ നിരത്തിവെച്ച് കച്ചവടം ചെയ്യുന്ന സ്വന്തം അംഗങ്ങളായ വ്യാപാരികളെ തിരുത്താന്‍ കഴിയാത്ത അസോസിയേഷന്റെ ഭാരവാഹികള്‍ കണ്ണടച്ച് ഇരുട്ട് അഭിനയിക്കുകയാണ്. വഴിയോര കച്ചവടം ഉള്ളതു കൊണ്ടാണ് തങ്ങള്‍ക്ക് കച്ചവടം ഇല്ലാത്തതെന്ന് പറയുന്നവര്‍ നഗരത്തില്‍ തന്നെ വഴിയോര കച്ചവടമില്ലാത്ത സ്ഥലങ്ങളില്‍ കച്ചവടം വര്‍ദ്ധിക്കാത്തത് എന്തു കൊണ്ടാണെന്ന് ആലോചിക്കണം. സ്ഥാപനം തുറന്നുവച്ച് സ്വന്തം വാഹനങ്ങള്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തതിന് ശേഷം പാര്‍ക്കിംഗ് സൗകര്യമില്ലെന്ന് വിലപിക്കുന്നതിന് പകരം നഗരത്തില്‍ വ്യാപാരം വര്‍ധിപ്പിക്കാനാവശ്യമായ പ്രായോഗിക നടപടികളെ കുറിച്ചാണ് ചിന്തിക്കേണ്ടത്.

പകരം അംഗീകൃത വഴിയോര കച്ചവട തൊഴിലാളികളുടെ അന്നം മുടക്കുന്നത് അസോസിയേഷനില്‍ അംഗങ്ങളായ വ്യാപാരികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. വഴിയോര കച്ചവടത്തെ പുഛത്തോടെ കാണുന്ന വ്യാപാരി നേതാക്കള്‍ പൂര്‍വ ചരിത്രം ഓര്‍മിക്കുന്നത് നല്ലതാണ്. നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് നിയമ ലംഘനം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വ്യാപാരി നേതാക്കള്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ തയാറാവണം. കാസര്‍കോട് നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളുടെയും ഷട്ടര്‍ അകത്തും കച്ചവടം പുറത്തുമാണ്. ഇതു പരസ്യമായ നിയമ ലംഘനമാണ്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതായിരിക്കുമെന്നും അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad