മംഗളൂരു: നഗരത്തിലെ കാര്‍ സ്ട്രീറ്റ് മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളില്‍ ഓംകാര മുദ്രയുള്ള മുക്കോണ്‍ കാവിക്കൊടികള്‍ ഉയര്‍ത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസ് കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. വിഎച്ച്പി ദക്ഷിണ കന്നഡ- ഉഡുപി മേഖല സെക്രടറി ശരണ്‍ പമ്പുവെലിനും നേതാക്കള്‍ക്കും എതിരെ വ്യാഴാഴ്ച മംഗ്‌ളുറു സൗത് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് വെള്ളിയാഴ്ച ജസ്റ്റിസ് ടി ജി ശിവശങ്കര ഗൗഡയുടെ ബെഞ്ച് സ്റ്റേ ചെയ്തത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം അരുണ്‍ ശ്യാം മുഖേന ശരണ്‍ പമ്പ് വെല്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി വിധി. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്ന് ഹരജിക്കാരന്‍ വാദിച്ചു. മംഗ്‌ളുറു സൗത് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ഈ വിഷയത്തില്‍ ഹൈകോടതി നോടീസ് അയച്ചു. ഞായറാഴ്ച തുടങ്ങി ഈമാസം 24ന് അവസാനിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകളില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് കാവിക്കൊടികള്‍ ഉയര്‍ന്നത്. ശരണും സംഘവും പ്രചാരണം നടത്തി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇതെന്നും ഹിന്ദു വ്യാപാരികളെ തിരിച്ചറിയാനുള്ള അടയാളമായിക്കണ്ട് ഹിന്ദു സമൂഹം ആ സ്റ്റാളുകളില്‍ നിന്ന് മാത്രം വ്യാപാരം നടത്തണം എന്ന ആഹ്വാനം പിന്നാലെ വന്നതായും പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്നാണ് ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 153 പ്രകാരം വ്യാഴാഴ്ച കേസെടുത്തത്. വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, അത്തരം സൂചനകള്‍ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്ടിക്കുകയും സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി ഒരുക്കി നിര്‍ത്തുകയും ചെയ്യുക എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴില്‍ വരുക. വിദ്വേഷ പ്രവര്‍ത്തനം സംബന്ധിച്ച് മംഗളൂരു സൗത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോഹര്‍ പ്രസാദ് വിവരങ്ങള്‍ ശേഖരിച്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മംഗ്‌ളൂറിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മുസ്ലിം വ്യാപാരികളെ ഒഴിവാക്കിയാണ് ഒമ്പത് ലക്ഷം രൂപക്ക് ക്ഷേത്ര കമിറ്റി 71 സ്റ്റാളുകള്‍ ലേലം ചെയ്തിരുന്നത്. ക്ഷേത്രത്തില്‍ നിന്ന് അകലെ ശേഷിച്ച സ്റ്റാളുകളില്‍ 11 എണ്ണം പിന്നീട് ലേലം ചെയ്തതില്‍ ആറ് എണ്ണം മുസ്ലിം കച്ചവടക്കാര്‍ക്ക് ലഭിച്ചിരുന്നു. ഇവയെ വേറിട്ട് നിറുത്തുകയാണ് സ്റ്റാളുകള്‍ക്ക് മുന്നില്‍ കാവിക്കൊടി ആശയം സംഘ്പരിവാര്‍ നടപ്പാക്കിയത് എന്നാണ് ആക്ഷേപം.
Post a Comment
0 Comments