Type Here to Get Search Results !

Bottom Ad

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു


കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ അഞ്ചുപേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക 789 ആയി ഉയര്‍ന്നെന്ന് ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും 11 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടില്‍ ഐസൊലേഷനിലുള്ള മൂന്ന് പേര്‍ക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

30ന് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. 313 വീടുകളില്‍ സര്‍വ്വെ നടത്തിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തി വിടുന്നത്.

നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. 789 പേരാണ് നിപ സമ്പര്‍ക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 ആളുകളും ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 ആളുകളും മരിച്ച രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 ആളുകളുമാണുള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 60 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad