തളങ്കര: ചെമനാട് ഹൈസ്‌കൂള്‍ അധ്യാപകരുടെ ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി സൈതലവി (58) ആണ് അറസ്റ്റിലായത്. ചിട്ടി നടത്തിപ്പിലൂടെ വിപി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തില്‍ ആയിരുന്നു ഇയാളെന്നും അതിനെ തുടര്‍ന്നാണ് ബൈക്കുകള്‍ക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അധ്യാപകരുമായി വിപി സൈതലവിക്ക് ബന്ധ മൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ കാസര്‍കോട് ഭാഗത്തേക്ക് വന്നതെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന മലപ്പുറം പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനുമായ യു നജ്മുദ്ദീന്റെ കെഎല്‍ 60 എഫ് 1887 നമ്പര്‍ പള്‍സര്‍ ബൈക്കും മേല്‍പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെഎല്‍ 10 ഡബ്ല്യു 6612 ഹീറോ ഹോന്‍ഡ ബൈക്കുമാണ് കത്തിനശിച്ചത്.
ഓണാവധിക്ക് അധ്യാപകര്‍ നാട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈക്കില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മസ്ജിദ് സെക്രട്ടറി സുബൈര്‍ പള്ളിക്കാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് ഊര്‍ജിത അന്വേഷണമാണ് നടത്തിയത്. അതിനിടെ മസ്ജിദിലെ സിസിടിവി പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായ നിലയില്‍ സൈതലവിയുടെ ദൃശ്യം പതിഞ്ഞത് നിര്‍ണായകമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താന്‍ തീവച്ചതാണെന്ന് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വി.പി സൈതലവിയെ അക്രമം നടന്ന മസ്ജിദ് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. സമീപത്ത് നിന്ന് ബൈക്ക് കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും കണ്ടെടുത്തു.
Post a Comment
0 Comments