കാസര്‍കോട്: കണ്ണൂരിന് പിന്നാലെ നീലേശ്വരത്തടക്കം മൂന്നിടത്ത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. പിന്നില്‍ ആസൂത്രിതമായ നീക്കമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. തിരുവനന്തപുരം- നേത്രാവതി എക്സ്പ്രസ് (16346), ചെന്നൈ സൂപര്‍ ഫാസ്റ്റ് (12686), ഓഖ - എറണാകുളം എക്സ്പ്രസ് (16337) എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് അക്രമിക്കപ്പെട്ടത്. എസി എ1 കോചിന്റെ ജനല്‍ ചില്ല് കല്ലേറില്‍ തകര്‍ന്നു. കണ്ണൂരിനും കണ്ണൂര്‍ സൗതിനും ഇടയിലാണ് മംഗളൂറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപര്‍ ഫാസ്റ്റിന്റെ എസി കോചിന്റെ ജനല്‍ ചില്ല് തകര്‍ന്നത്.
ഞായറാഴ്ച വൈകീട്ട് 7.11നും 7.16നും ഇടയിലായിരുന്നു ഇവിടങ്ങളില്‍ കല്ലേറ്. ഓഖ - എറണാകുളം എക്സ്പ്രസിന് ഞായറാഴ്ച വൈകീട്ട് 7.10നും 7.30നും ഇടയില്‍ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. മുന്നിലെ ജെനറല്‍ കംപാര്‍ട്‌മെന്റിലെ വാഷ് ബേസിന് സമീപമാണ് കല്ല് വന്ന് വീണത്. ആര്‍ക്കും പരിക്കില്ല. മൂന്ന് കല്ലേറും വ്യത്യസ്ത വണ്ടികളിലാണെങ്കിലും ഒരേ ദിവസം ഒരേ സമയം കല്ലേറ് നടന്നത് കൊണ്ട് ആസൂത്രണം ഉണ്ടെന്ന സംശയമാണ് റെയില്‍വേ അധികൃതര്‍ ഉന്നയിക്കുന്നത്. സംഭവത്തെ കുറിച്ച് റെയില്‍വേ ഗൗരവമായ രീതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീലേശ്വരത്തുണ്ടായ കല്ലേറില്‍ ആര്‍പിഎഫ്, റെയില്‍വേ പൊലീസ്, ഹൊസ്ദുര്‍ഗ്, നീലേശ്വരം ലോക്കല്‍ പൊലീസ് എന്നിവരുടെ സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് തയാറെടുക്കുന്ന സമയത്ത് ഉണ്ടായ ആക്രമണം രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായി എടുത്തിട്ടുണ്ട്.
Post a Comment
0 Comments