കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ പ്രതികരണവുമായി അഭിഭാഷകനും നടനുമായ അഡ്വ. ഷുക്കൂര്‍. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ഷുക്കൂര്‍ രംഗത്ത് വന്നിരിക്കുന്നത്. സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് അഡ്വ. ഷൂക്കൂര്‍ വ്യക്തമാക്കി. മേല്‍പ്പറമ്പ് പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഷുക്കൂര്‍ പറഞ്ഞു.
കേസില്‍ തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഷുക്കൂറിന്റെ ആരോപണം. വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന് ഹിഷാം, സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടര്‍ ബോര്ഡില്‍ അംഗമാക്കാന്‍ 2013ല്‍ വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു എന്നാണ് പരാതി. സത്യവാങ്ങ്മൂലത്തില്‍ അന്നത്തെ നോട്ടറി അഭിഭാഷകനായിരുന്ന ഷുക്കൂര്‍ ഒപ്പിട്ടെന്ന് പരാതിയില്‍ പറയുന്നു.
Post a Comment
0 Comments