കാസര്‍കോട് (www.evisionnews.in): ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാല്‍ ന്യൂവൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞിയുടെ ഹര്‍ജിയിലാണ് അഡ്വ. സി. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മേല്‍പ്പറമ്പ് പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, അഡ്വ. സി. ഷുക്കൂര്‍, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കാനാണ് മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് ടി. ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇദ്ദേഹം ഹര്‍ജിയില്‍ ബോധിപ്പിച്ചത്. പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ ഡയറക്ടറാക്കിയത് താന്‍ അറിഞ്ഞില്ലെന്നും മുഹമ്മദ് കുഞ്ഞി ഹര്‍ജിയില്‍ പറയുന്നു.
സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി. ഷുക്കൂറാണ്. കേസില്‍ പ്രതിയായപ്പോഴാണ് ഡയറക്ടറാക്കിയെന്ന കാര്യം അറിയുന്നതെന്നും രേഖകള്‍ പരിശോധിക്കാതെയാണ് കേസെടുത്തതെന്നും മുഹമ്മദ് കുഞ്ഞി ഹര്‍ജിയില്‍ പറഞ്ഞു.
Post a Comment
0 Comments